ബക്രീദ് ഇളവ് ആഘോഷിച്ച് ജനം,​ നഗരത്തിൽ തിരക്ക് വർദ്ധിച്ചു

Monday 19 July 2021 12:00 AM IST

തിരുവനന്തപുരം: ബക്രീദ് ഇളവുകൾ ആഘോഷമാക്കി ജനം നിരത്തിലിറങ്ങിയതോടെ ഞായറാഴ്ചകളിൽ നിശ്ചലമായിരുന്ന നഗരവീഥികളിൽ തിരക്ക് വർദ്ധിച്ചു. എല്ലാ കടകളും തുറന്ന് പ്രവർത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് ശേഷമാണ് ജനം കൂടുതലായി നഗരത്തിലേക്കിറങ്ങിയത്. തുണിക്കടകളിലും ആഭരണക്കടകളിലും പച്ചക്കറി,​ പലവ്യഞ്ജനക്കടകളിലുമായിരുന്നു തിരക്ക് ഏറെയും. ഇലക്ട്രോണിക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കണ്ണാടിക്കടകൾ മൊബൈൽ കടകൾ എന്നിവ ഇന്നലെ ഇളവുകളുടെ ഭാഗമായി പ്രവർത്തിച്ചു.

രാത്രി കടകൾ അടയ്ക്കുന്നത് വരെ എല്ലായിടത്തും പൊതുവേ ജനത്തിരക്കുണ്ടായിരുന്നു. നഗരത്തിലെ പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക് ഏറെയായിരുന്നു. മത്സ്യം വില്ക്കുന്ന കടയിലും മാംസം വില്ക്കുന്ന കടകളിലും തിരക്കുണ്ടായിരുന്നു. ഹോട്ടലുകളിൽ പാഴ്സൽ വാങ്ങാൻ തിരക്കുണ്ടായിരുന്നെങ്കിലും ക്രമേണതിരക്ക് കുറഞ്ഞു. ശ്രീകാര്യം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പാളയം എന്നിവിടങ്ങളിൽ ഗതാതഗത കുരുക്കും അനുഭവപ്പെട്ടു. പൊതുഗതാഗതമില്ലാത്തതിനാൽ എല്ലാവരും സ്വന്തം വാഹനങ്ങളിൽ കൂട്ടത്തോടെ നഗരത്തിലേക്കിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

കച്ചവടം നല്ലതാകുന്നു :

വ്യാപാരികൾ

ഇളവുകൾ ലഭിച്ച് ആളുകൾ കൂടുതലായി എത്തിയതോടെ ബക്രീദ് കച്ചവടം നല്ല രീതിയിൽ പോകുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ലോക്ക് ഡൗണിലും ഇളവുകളില്ലാതെയും അടഞ്ഞുകിടന്ന വ്യാപാര സ്ഥാപപനങ്ങൾ ഈ ഇളവിൽ തുറന്നത് ആശ്വാസമായെന്നാണ് ഇവരുടെ പ്രതികരണം. രണ്ട് ദിവസം കൂടി ഇളവുള്ളതിനാൽ കൂടുതൽ കച്ചവടം കിട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.

പരിശോധനയില്ലാതെ പൊലീസ്

ജനങ്ങൾ കൂട്ടതോടെ ഇറങ്ങിയതോടെ കുഴഞ്ഞത് പൊലീസാണ്. ഇളവുകളുള്ളതിനാൽ പതിവ് പൊലീസ് പരിശോധനയും ഇന്നലെ ഇല്ലായിരുന്നു. കടകളിൽ സാമൂഹ്യ അകലം വെറും പേരിന് മാത്രമായി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയും കാര്യമായി നടന്നില്ല.

ഇന്നലത്തെ കേസുകൾ

ഇന്നലെ നഗരത്തിൽ ലോക്ക് ഡൗൺ ലംഘനത്തിന് 450 കേസുകൾ രജിസ്റ്റർ ചെയ്തു. 44 പേരെ അറസ്റ്റ് ചെയ്തു.

195 വാഹനങ്ങളും പിടിച്ചെടുത്തു.

Advertisement
Advertisement