മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ

Monday 19 July 2021 1:53 AM IST

ചെർപ്പുളശ്ശേരി: ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കരിമ്പുഴ കുന്നത്ത് പുത്തൻപുര വീട്ടിൽ രജിതയാണ് (39) അറസ്റ്റിലായത്.
സ്വർണമാണെന്ന് വിശ്വസിപ്പിച്ച് 10 പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. 2019 ജൂൺ 29നാണ് ഇവർ 80 ഗ്രാം തൂക്കം വരുന്ന മാല പണയം വച്ചത്. പിന്നീട് സ്വർണവില കൂടുന്നതിനനുസരിച്ച് പല തവണയായി ഇത് പുതുക്കി പണം കൈപ്പറ്റിയിരുന്നു. മൂന്നു ലക്ഷത്തിലധികം രൂപ ബാദ്ധ്യതയായതോടെ പലതവണ നോട്ടീസ് അയച്ചെങ്കിലും പലിശയടയ്ക്കാനോ, പണയ മുതൽ തിരിച്ചെടുക്കാനോ തയ്യാറായില്ല. സംശയം തോന്നി ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

രജിത ഒന്നാം പ്രതിയായും ഭർത്താവ് സജിത്തിനെ രണ്ടാം പ്രതിയായുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒറ്റപ്പാലം, പുതുനഗരം, മണ്ണാർക്കാട്,​ പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി പതിനേഴോളം കേസുകൾ സമാനരീതിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശികളായ ഇവർ കരിമ്പുഴയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുജിത്ത്, എസ്.ഐ: സുഹൈൽ , എസ്.സി.പി.ഒമാരായ മുരളീധരൻ, പി. സുധ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement