വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും ബഹളവും

Wednesday 21 July 2021 12:00 AM IST

  • ജില്ലാ ആശുപത്രിയിൽ ബഹളക്കാരെ ഒതുക്കാൻ പൊലീസെത്തി

തൃശൂർ: ജനറൽ ആശുപത്രിയിൽ എത്തിയവർക്ക് വാക്‌സിൻ ലഭിക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ജില്ലാ ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് പ്രകാരം രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ എത്തിയ നൂറുകണക്കിന് പേരാണ് വാ‌ക്‌സിൻ ലഭിക്കാത്തതിന്റ പേരിൽ ബഹളം വെച്ചത്. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ശനിയാഴ്ച വൈകീട്ട് ജില്ലാ ആരോഗ്യ വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പിൽ എപ്രിൽ 10വരെ കൊവിഷീൽഡ് ഓന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ മുതൽ ജനറൽ ആശുപത്രിയിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ തിരക്കുണ്ടായത്.

യാതൊരുവിധ പെരുമാറ്റച്ചട്ടവും ഇവിടെ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. രണ്ടാം ഡോസിനായി എത്തിയവരിൽ വൃദ്ധരും രോഗികളുമടക്കം ഉൾപ്പെട്ടിരുന്നു. പുലർച്ചെ നാലു മുതൽ ജനം തടിച്ചു കൂടിയെങ്കിലും രാവിലെ എട്ടുകഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ല. അന്വേഷിച്ചപ്പോൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമേ വാക്‌സിൻ ലഭിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതോടെ ജനം ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് കാണിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ആശുപത്രി അധികൃതർ ഇക്കാര്യം വ്യക്തമാക്കി അറിയിപ്പ് പതിച്ചത് രംഗം കൂടുതൽ വഷളാകാനും ഇടയാക്കി. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഒല്ലൂരിലും വാക്‌സിൻ കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പറവട്ടാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സമാനമായ രീതിയിൽ പ്രശ്‌നം ഉണ്ടായിരുന്നു.

  • അറിയിപ്പിന് ശേഷം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണമെന്ന്

തൃശൂർ: ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ വാക്‌സിനായി കേന്ദ്രങ്ങളിൽ എത്താവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഏപ്രിൽ 10 വരെ ആദ്യ ഡോസ് ലഭിച്ച മുഴുവൻ പേർക്കും ഒരു ദിവസം കൊണ്ട് വാക്‌സിൻ കൊടുത്തു തീർക്കാൻ സാധിക്കില്ല. അതിനാൽ ഏപ്രിൽ ഒന്നു മുതൽ പത്തുവരെ മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും ആശാവർക്കർമാരും ആർ.ആർ.ടി കാരും വിളിക്കുക. ഏപ്രിൽ പത്തിന് ആദ്യ ഡോസ് എടുത്തവർക്ക് ജൂലായ് 31വരെ കാലാവധി ഉണ്ട്. അതിനുള്ളിൽ വാക്‌സിൻ നൽകുന്നതിനു വേണ്ട ക്രമീകരണം ഉണ്ടെന്നും ഡി.എം.ഒ പറഞ്ഞു.

Advertisement
Advertisement