കോൺഗ്രസ് പുനഃസംഘടനാ ചർച്ച: എ.ഐ.സി.സി സെക്രട്ടറിമാർ വരും

Tuesday 20 July 2021 12:24 AM IST

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലക്കാരായ മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരെത്തുന്നു. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ഈ വിവരമറിയിച്ച് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. 24 മുതൽ 31 വരെ സെക്രട്ടറിമാർ കേരളത്തിലുണ്ടാവും. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണിത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പി. വിശ്വനാഥനും ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഐവാൻ ഡിസൂസയും ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ പി.വി. മോഹനനും പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തും. എം.എൽ.എമാർ, എം.പിമാർ, മറ്റ് മുതിർന്ന നേതാക്കൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരെയെല്ലാം കാണും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, മറ്റ് മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായും വെവ്വേറെ കൂടിക്കാഴ് നടത്തും. ആഗസ്റ്റ് പതിനഞ്ചിനകം മൂന്ന് സെക്രട്ടറിമാരും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിച്ച് മെറിറ്റടിസ്ഥാനത്തിൽ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യം.

കെ.പി.സി.സിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ പരമാവധി 51 ഭാരവാഹികൾ മതിയെന്ന് കെ. സുധാകരൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേർന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിരുന്നു. ഓണാവധിക്കാലത്ത് മിക്കവാറും കെ.പി.സി.സി പുനഃസംഘടന നടന്നേക്കും.

Advertisement
Advertisement