ആരവങ്ങളില്ലാതെയും നമുക്കാഘോഷിക്കാം

Tuesday 20 July 2021 12:00 AM IST

വിശ്വാസിയുടെ ആഘോഷമെന്താണ് എന്ന് ചോദിച്ചാൽ സൽപ്രവൃത്തികളാൽ സമ്പന്നമായി ജീവിക്കുക എന്നതാണെന്ന് ഞാനുത്തരം പറയും. മറ്റൊരാളുടെ ഹൃദയത്തിൽ നിറയ്ക്കുന്ന സന്തോഷമാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ധർമങ്ങളിലൊന്ന് എന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. നാളെ ബലിപെരുന്നാൾ സുദിനമാണ്. രണ്ട് പെരുന്നാളുകളാണുള്ളത്. ചെറിയ പെരുന്നാളും ബലിപെരുന്നാളും. ചെറിയ പെരുന്നാളിന് ഫിത്ർ സക്കാത്ത് നൽകി സഹജീവി ബോധം നിലനിറുത്താനാണ് ഇസ്‌ലാം നിഷ്‌കർഷിക്കുന്നത്. ബലി പെരുന്നാളിൽ ഉള്ഹിയത്തിലൂടെ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന പാഠവും അതു തന്നെയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ മറ്റുള്ളവർ നമുക്ക് വേണ്ടി ജീവിക്കുമെന്ന മഹത്തായ പാഠമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണ വിശ്വാസിയാവുകയില്ലെന്നൊരു പ്രവാചക അദ്ധ്യാപനം കാണാം. അഥവാ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്ന് തന്റെ സഹോദരന് വേണ്ടി മടിയേതും കൂടാതെ സമർപ്പിക്കാൻ തയ്യാറാവണമെന്നർത്ഥം. അപരന് വേണ്ടി ജീവിക്കാൻ സാധിക്കുക എന്നത് മഹത്തരമാണ്. ഈ മഹാമാരിയുടെ സമയത്തുള്ള പെരുന്നാളിൽ ആദ്യം നൽകാനുള്ള സന്ദേശവും ഇതു തന്നെയാണ്.
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി തന്നെയായിരുന്നു ഒരുപാട് കാലം നമ്മൾ ജീവിച്ചിരുന്നത്. നമ്മൾ നടത്തുന്ന വിവാഹ സത്‌കാരങ്ങൾ മുതൽ വീട്ടിലെ ചായ സത്‌കാരം വരെ ആർഭാടമാക്കി തന്നെയാണ് നമ്മൾ ആഘോഷിച്ചിരുന്നത്. എന്തിനേറെ സ്വന്തം അസ്തിത്വത്തിന് താങ്ങാൻ സാധിക്കാത്ത പ്രതാപങ്ങൾ നമ്മൾ ചുമലിലേറ്റി. അമിതവ്യയം നടത്തി. ആർഭാടമാക്കലാണ് അഭിമാനമെന്ന് വിശ്വസിച്ചു. ചുറ്റിലും ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജീവനുകൾക്ക് നേരേ നമ്മൾ പതുക്കെ കണ്ണുകളിറുക്കിയടച്ചു. എന്നിട്ടിപ്പോൾ സ്വയം ജീവിക്കാൻ കെല്‌പില്ലാത്ത ഒരു വൈറസിന് മുമ്പിൽ ജീവൻ പണയം വച്ച് വീടിനകത്ത് കെട്ടിപൂട്ടിയിരിക്കുകയാണ് നമ്മൾ.

ഭക്ഷണമാണ് ജീവിതത്തിന്റെ അടിസ്ഥാന ഘടകം. അവശ്യ സന്ദർഭങ്ങളിൽ അത് ലഭിച്ചില്ലെങ്കിൽ മനുഷ്യനെന്നല്ല ജീവനുള്ള ഏതൊരു വസ്തുവും അവരുടെ മുമ്പിലുള്ള ഏത് വിധേനയുള്ള പ്രതിബന്ധങ്ങളെയും മറികടക്കാൻ ശ്രമിക്കും. നിയമത്തിന് മുമ്പിൽ അയാൾ അല്ലെങ്കിൽ ആ ജീവി ലോക്ഡൗൺ ലംഘിച്ചവനോ നിയമം തെറ്റിച്ചവനോ ആണ്. എന്നാൽ അവന്റെ വയറിന് മുമ്പിൽ ഭക്ഷണമാണ് നിയമം, ഭക്ഷണം തേടലാണ് ധർമം. അതുകൊണ്ട് ഈ പ്രതിസന്ധിഘട്ടങ്ങളിൽ കർശന നിയമ നടപടികൾ കൊണ്ടുവരുമ്പോൾ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഓരോ ഭരണകൂടവും തയ്യാറാകണം. അവരുടെ ഉപജീവന മാർഗങ്ങളിലെ തടസങ്ങൾ നീക്കണം, വികാരങ്ങളും വിചാരങ്ങളും സംരക്ഷിക്കപ്പെടണം.
നാളെ ബലിപെരുന്നാളാണ്. ആൾക്കൂട്ടവും ബഹളങ്ങളുമാണ് ആഘോഷമെന്ന് ധരിച്ചുവശായവരോട് പറയാനുള്ളത്. അത്തരം ആഘോഷങ്ങൾ നിലവിലെ സാഹചര്യത്തിൽ അപകടമാണെന്നാണ്. ആഘോഷത്തിന് നിങ്ങൾ മനസിലാക്കിയ ഇത്തരം നിർവചനങ്ങൾ അബദ്ധവുമാണ്. ശബ്ദങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലെങ്കിലും ആഘോഷമൊരുക്കാം. മനസ് നിറഞ്ഞു ചിരിക്കാനും ഉള്ളു നിറഞ്ഞ് സന്തോഷത്തോടെ ഉറങ്ങാനുമെല്ലാം സാധിക്കലാണ് ആഘോഷം. അല്ലാഹുവിനെ മറക്കാതെ, സഹജീവികളെ ഓർത്തുക്കൊണ്ട് സന്തോഷ സുരഭിലമായ ഒരു ബലിപെരുന്നാൾ ആഘോഷിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

(ലേഖകൻ

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്)

Advertisement
Advertisement