വിദേശമദ്യം വില്പന നടത്തിയ പ്രതി പിടിയിൽ

Tuesday 20 July 2021 4:39 AM IST

കിളിമാനൂർ: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ കോലിയക്കോട് കലുങ്ക് ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിദേശ മദ്യം വില്പന നടത്തിയയാൾ അറസ്റ്റിൽ. 44 കുപ്പി വിദേശമദ്യം സൂക്ഷിച്ച് ചില്ലറ വില്പന നടത്തിക്കൊണ്ടിരുന്ന തേക്കട നെട്ടയക്കോട് തോട്ടിൻകര വീട്ടിൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ തേക്കട ഭാഗത്തെ ഓട്ടോ ഡ്രൈവറാണെങ്കിലും സവാരി ഓട്ടങ്ങൾക്ക് പോകാതെ വിവിധ ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി തേക്കട വെമ്പായം ഭാഗത്തെ പാറമടകളിൽ ജോലി ചെയ്യുന്നവർക്കും മറ്റും അമിതവില ഈടാക്കി വില്പന നടത്തുകയാണ് പതിവ്.

390 രൂപ വിലയുള്ള അരലിറ്റർ കുപ്പി 500 മുതൽ 600 രൂപ വരെ വില ഈടാക്കിയാണ് വില്പന നടത്തിയിരുന്നതെന്നും ലോക്ക് ഡൗൺ കാലയളവിലും സുരേഷ് വൻതോതിൽ മദ്യവില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവൻറ്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, ഷാജി, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, സ്നേഹേഷ്, അനിരുദ്ധൻ ഡ്രൈവർ സലീം എന്നിവരും പങ്കെടുത്തു.

Advertisement
Advertisement