ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്  കൂടുതൽ ഇളവുകൾ നൽകി അമേരിക്ക,  ഉൾപ്പെടുത്തിയത് ലെവൽ മൂന്ന് പട്ടികയിൽ

Tuesday 20 July 2021 9:58 AM IST

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക യാത്രാ ഇളവുകൾ നൽകി. വർദ്ധിച്ചു വന്ന കൊവിഡ് കേസുകളെ തുടർന്ന് ലെവൽ നാല് പട്ടികയിലായിരുന്നു ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിരുന്നത്. പൂർണമായി യാത്രകളെ വിലക്കുന്ന അവസ്ഥയിൽ നിന്ന് യാത്രകളെ കുറിച്ച് പുനർവിചിന്തനം ചെയ്യുക എന്ന ലെവൽ മൂന്ന് പട്ടികയിലാണ് ഇപ്പോൾ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

അംഗീകൃത വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തിട്ടുണ്ടെങ്കിൽ കൊവിഡ് പിടിപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്. എങ്കിൽ പോലും വിദേശ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് മുമ്പായി വാക്സിൻ എടുത്തതും എടുക്കാത്തതുമായ യാത്രക്കാർക്കുള്ള നിർദേശങ്ങൾ സൂക്ഷ്മമായി വായിച്ചതിനു ശേഷം യാത്ര തിരിക്കണമെന്ന് അമേരിക്കയുടെ രോഗ നിയന്ത്രണ പ്രതിരോധ വകുപ്പ് നിർദേശിക്കുന്നു.

ഇന്ത്യയെ കൂടാതെ പാകിസ്ഥാനെയും ലെവൽ മൂന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉയർന്ന കൊവിഡ് കേസുകൾ കാരണമാണ് ഇന്ത്യൻ യാത്രക്കാരെ ലെവൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയെക്കാളും വളരെ കുറച്ചു കൊവിഡ് കേസുകൾ മാത്രമുള്ള പാകിസ്ഥാൻ ലെവൽ രണ്ടിൽ വരാൻ യോഗ്യമാണെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന തീവ്രവാദ അരക്ഷിതാവസ്ഥയെ തുടർന്നാണ് അമേരിക്ക പാക്കിസ്ഥാനെ ലെവൽ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisement
Advertisement