പാർട്ടിയേയും മുന്നണിയേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നു; അഡ്വ എ ജയശങ്കറിനെ സി പി ഐയിൽ നിന്ന് ഒഴിവാക്കി

Tuesday 20 July 2021 11:27 AM IST

കൊച്ചി: സി പി ഐ അംഗത്വത്തില്‍ നിന്നും അഡ്വ എ ജയശങ്കറിനെ ഒഴിവാക്കി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും സി പി ഐയേയും എല്‍ ഡി എഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് കണക്കിലെടുത്താണ് തീരുമാനം. പാര്‍ട്ടിയില്‍ അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സി പി ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

ജയശങ്കറിനെ ഒഴിവാക്കിയ തീരുമാനം പാർട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 ജൂലായില്‍ അച്ചടക്ക നടപടി സ്വീകരിച്ച് ജയശങ്കറിന് പാർട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും അദ്ദേഹം വിമര്‍ശനം തുടര്‍ന്നെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം, തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ ജയശങ്കര്‍ പ്രതികരിച്ചു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാര്‍ത്ഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്‌തെന്നാണ് ജയശങ്കർ പറയുന്നത്.