ആർഎംപി നേതാക്കൾക്ക് സുരക്ഷ നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Tuesday 20 July 2021 11:06 PM IST

തിരുവനന്തപുരം: ആർഎംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്ത്. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എൻ. വേണുവിനും തന്‍റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ. രമ നേരെത്തെ ആരോപിച്ചിരുന്നു. തന്‍റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുമ്പും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞിരുന്നു.

കോഴിക്കോട് എസ് എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കണമെന്നും രമ ആവശ്യപ്പെട്ടു. അതേസമയം, ഭീഷണിക്കത്തിൽ വടകര പൊലീസ് കേസെടുത്തു. രമയുടെയും വേണുവിന്‍റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍.എം.പി ഓഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന് എസ്.പി ഡോ. എ. ശ്രീനിവാസ് വ്യക്തമാക്കിയിട്ടുണ്ട്.