അയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

Wednesday 21 July 2021 12:28 AM IST

കൊച്ചി: കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമർശം നടത്തിയ അയിഷ സുൽത്താനയ്ക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ അന്വേഷണവുമായി അവർ സഹകരിക്കുന്നില്ലെന്നും കേസെടുത്തശേഷം അയിഷ തന്റെ മൊബൈലിൽ നിന്ന് മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തെന്നും ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയിഷ നൽകിയ ഹർജിയിലാണ് വിശദീകരണം. ചാനൽ ചർച്ചയിലാണ് അയിഷ വിവാദ പരാമർശം നടത്തിയത്. ചർച്ചയ്ക്കിടെ അവർ ഫോണിൽ നോക്കി വായിക്കുന്നുണ്ട്. മറ്റാരുമായോ ആശയവിനിമയം നടത്തിയാണ് അവർ ചാനലിൽ സംസാരിച്ചതെന്ന് വ്യക്തം. അയിഷ സുൽത്താനയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ഇവർ രേഖകൾ കൈമാറുന്നില്ലെന്നും പൊലീസ് വിശദീകരിച്ചു. കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കുനേരെ കൊവിഡ് എന്ന മഹാവ്യാധിയെ ജൈവായുധമായി പ്രയോഗിച്ചെന്നാണ് അയിഷ ആരോപിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാൻ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാൻ പോരുന്നതുമായ പരാമർശമാണിത്. ആ നിലയ്ക്ക് അയിഷയ്ക്കെതിരെ രാജ്യദ്രോഹക്കേസ് നിലനിൽക്കുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസിന്റെ വിശദീകരണത്തിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന ഹർജിയിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അയിഷ ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

Advertisement
Advertisement