അക്രമഭീതി ഒഴിയാതെ മലയോര ഗ്രാമം

Thursday 22 July 2021 2:33 AM IST

കുറ്റിച്ചൽ: അഗസ്ത്യവനമേഖലയോട് ചേർന്നുള്ള കോട്ടൂർ, വ്ലാവെട്ടി, നെല്ലിക്കുന്ന് മേഖകളിലെ അക്രമങ്ങളിൽ ഭീതിയൊഴിയാതെ പ്രദേശവാസികൾ. അടുത്തിടെയുണ്ടായ ലഹരി മാഫിയാ സംഘങ്ങളുടെ വിളയാട്ടത്തിൽ നിരവധി പേരാണ് പിടിയിലായത്. ആക്രമണങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രധാന പ്രതികളെ പിടികൂടാനായത് നെയ്യാർഡാം ഇൻസ്‌പെക്ടർ ബിയോയിക്കും പൊലീസ് സംഘത്തിനും നേട്ടമായി. അക്രമണവുമായി ബന്ധപ്പെട്ട് 18പേരെ തിരിച്ചറിഞ്ഞതിൽ 13 പേരും പിടിയിലായി. ഇനി സംഭവവുമായി ബന്ധപ്പെട്ടും സഹായം നൽകിയവരുമാണ് പിടിയിലാകാനുള്ളത്.

കഴിഞ്ഞ ഒരാഴ്ചയി കോട്ടൂരും പരിസരങ്ങളും അക്രമഭീതിയിലായിരുന്നു. നിരവധി വീടുകളിലാണ് അക്രമിസംഘം ആക്രമണവും പെട്രോൾ ബോംബേറും നടത്തിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് നെയ്യാ‌ർ ഡാം പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മാഫിയാ തലവനെ അറസ്റ്റ് ചെയ്തപ്പോഴാണ് മാഫിയാ സംഘം പൊലീസിന് നേരെ തിരിഞ്ഞത്.

ആദിവാസി മേഖലകളിലെ യുവാക്കളെ ഭീഷണിപ്പെടുത്തുന്ന മാഫിയാ സംഘങ്ങൾ വനത്തിനുള്ളിലും ലഹരി വസ്തുക്കൾ എത്തിക്കുയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് - എക്സൈസ് - പഞ്ചായത്ത് അധികൃതർ ഈ മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വനത്തിനുള്ളിലും ലഹരിമാഫിയാ
സംഘങ്ങൾ സജീവം

അഗസ്ത്യവന മേഖലയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് - ലഹരി മാഫിയാ സംഘങ്ങൾ സജീവമാണെന്ന് നേരത്തേ തന്നെ പൊലീസിനും എക്സൈസിനും വിവരം ലഭിച്ചിരുന്നു. നിരവധി തവണ പൊലീസും എക്സൈസും റെയിഡുകൾ ഈ മേഖലയിൽ നടത്തിയിരുന്നു. ഇപ്പോൾ ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടികൂടിയപ്പോഴാണ് വിവിധ മേഖലകളിൽ നിന്നും വനമേഖലയിലെത്തി തമ്പടിച്ചാണ് ലഹരി വസ്തുക്കളുടെ വിപണവും ഉപയോഗവും നടത്തിയിരുന്നതെന്ന് മനസിലാകുന്നത്. കോട്ടൂരിൽ ആക്രമണങ്ങളും മോഷണവും പെരുകിയതോടെ നടത്തിയ അന്വേഷണത്തിലാണ് മാഫിയാ സംഘമാണ് പിന്നിലെന്ന് കണ്ടെത്തിയത്

Advertisement
Advertisement