അഫ്ഗാൻ പ്രസിഡന്റിന്റെ വസതിയിൽ റോക്കറ്റ് ആക്രമണം  പ്രാർത്ഥന മുടക്കാതെ അഷ്റഫ് ഘാനി

Wednesday 21 July 2021 1:50 AM IST

കാബൂൾ : രാജ്യത്തിന്റെ വിവിധ മേഖലകളിൽ അഫ്ഗാൻ - സർക്കാർ താലിബാൻ ആക്രമണം രൂക്ഷമാകുന്നതിനിടെ അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്റഫ് ഘാനി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പ്രസി‌ന്റിന്റെ കൊട്ടാര വളപ്പിൽ ഈദ് നിസ്കാരം നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റോക്കറ്റ് ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പ്രസിഡന്റ് അഷ്റഫ് ഘാനി അടങ്ങുന്ന സംഘം ഈദ് നമസ്കാരം തടസമില്ലാതെ തുടരുന്നതും വീഡിയോയിൽ കാണാം. ആക്രമണത്തിന് ശേഷവും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു. അദ്ദേഹം അഫ്ഗാൻ ജനതയ്ക്ക് ഈദ് ആശംസകൾ നേർന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാൻ ജനതയാണെന്നും ദൃഢമായ തീരുമാനവുമായി നാം മുന്നോട്ട് പോയാൽ ആറ് മാസത്തിനുള്ളിൽ ഈ സാഹചര്യം മാറുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പിലാണ് അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള സുപ്രധാന നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.

രാജ്യത്ത് താലിബാൻ പിടിമുറുക്കുന്നതിനിടെയുണ്ടായ ആക്രമണം അഫ്ഗാൻ സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കും. കഴിഞ്ഞ ഡിസംബറിലും അഫ്ഗാനിൽ പ്രസിഡന്റിന്റെ വസതിക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. പതിവിന് വിപരീതമായി ഇത്തവണ പെരുന്നാളിനും താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നില്ല. താലിബാൻ ആയുധം താഴെ വെയ്ക്കണമെന്നും ചർച്ചയ്ക്ക് തയാറാകണമെന്നും കാബൂളിലെ നാറ്റോ സ്ഥാനപതികൾ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement