ബാർഹോട്ടലിലെ ജീവനക്കാരികളായ പെൺകുട്ടികൾ പിറന്നാൾ ആഘോഷിച്ചത് അടിച്ചുപൂസായി, ബോധമില്ലാതിരുന്ന ഏഴംഗസംഘത്തെ ആശുപത്രിയിലെത്തിച്ചത് പൊലീസ്
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കമുള്ള സംഘത്തെ മുട്ടറ മരുതിമലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സംഭവത്തിൽ സംഘാംഗങ്ങളായ നാലുപേർ റിമാൻഡിൽ. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖിൽ (19), ഉണ്ണി (19), എഴുകോൺ സ്വദേശികളായ അതുല്യ (22), ശരണ്യ (22) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത മൂന്നുപേർക്ക് മദ്യം നൽകിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഏഴംഗ സംഘത്തെ മദ്യലഹരിയിൽ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പൊലീസെത്തിയാണ് ഏഴുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് അറസ്റ്റിലായവർക്കൊപ്പം ഉണ്ടായിരുന്നത്. ആൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുചേർന്നത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ബാർ ഹോട്ടൽ ജീവനക്കാരാണ്. ഇവരുടെ അയൽക്കാരാണ് രണ്ട് പെൺകുട്ടികൾ. ബാർ ഹോട്ടലിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും. ഇവരുടെ അയൽക്കാരനായ ആൺകുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു മുട്ടറ മരുതിമലയിൽ സംഘടിപ്പിച്ചത്.