ടിക്ക് ടോക്ക് പ്രേമികൾക്ക് ഇനി സന്തോഷിക്കാം, പബ്‌ജിക്കു പിന്നാലെ ടിക്ക് ടോക്കും മടങ്ങിയെത്തുന്നു, തിരിച്ചുവരവ് പുതിയ പേരിൽ
ന്യൂഡൽഹി: ഇന്ത്യ നിരോധിച്ചതിനു ശേഷം ചൈനീസ് ആപ്പായ പബ്‌ജി ബാറ്റിൽ ഗ്രൗണ്ട്സ് ഇന്ത്യ എന്ന പുതിയ പേരിൽ രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഇന്ത്യയിൽ ഒരുകാലത്ത് വളരെയേറെ പ്രചാരത്തിലായിരുന്ന ടിക്ക് ടോക്കും തിരിച്ചുവരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ആപ്പിന്റെ ഉച്ചാരണത്തിൽ മാറ്റമില്ലെങ്കിലും ഇംഗ്ളീഷ് സ്പെല്ലിംഗിൽ ചെറിയ വ്യത്യാസങ്ങളോടെയാണ് ആപ്പിന്റെ മടങ്ങിവരവ്.
ജൂലായ് ആറിന് പുതിയ പേരിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ആപ്പ് നിർമാതാക്കളായ ബൈറ്റ് ഡാൻസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ടിക്ക് ടോക്കിന്റെ അപേക്ഷ സർക്കാർ ഇതു വരെ പരിഗണനയ്ക്ക് എടുത്തിട്ടില്ല. കൺട്രോളർ ജനറൽ ഒഫ് പേറ്റന്റ്സിന്റെ വെബ്സൈറ്റിൽ ടിക്ക് ടോക്കിന്റെ അപേക്ഷ ഇപ്പോഴും പരിശോധനയിലാണെന്ന നിലയിലാണ് കിടക്കുന്നത്. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിശദീകരണത്തിലും ആപ്പിന്റെ പ്രവർത്തന റിപ്പോർട്ടിലും പഴയ ടിക്ക് ടോക്ക് തന്നെയാണിതെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ നിരോധനത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാതാക്കളായ ബൈറ്റ് ഡാൻസ് ടിക്ക് ടോക്കിനെ യുണിക്കോൺ ഗ്ലാൻസ് എന്ന മറ്റൊരു കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചിരുന്നു. ടിക്ക് ടോക്കിന്റെ നിരോധനത്തിനു ശേഷം ഇന്ത്യയിൽ പ്രചാരത്തിലായ റൊപ്പോസൊ ആപ്പിന്റെ നിർമാതാക്കളായ ഇൻമൊബിന്റെ തന്നെ സഹോദരി സ്ഥാപനമാണ് ഗ്ളാൻസ്.