മാണി ഗ്രൂപ്പിന് ഇടതു മുന്നണിയിൽ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഇതിലും വലിയ തെളിവുണ്ടോ? നിയമനം വീതംവയ്പ്പ് ഇങ്ങനെ

Wednesday 21 July 2021 12:08 PM IST

തിരുവനന്തപുരം: ഹൈക്കോടതിയിലേക്കും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുമുള്ള ഗവ. പ്ലീഡർമാരുടെ കരട് പട്ടികയ്ക്ക് ഇടതുമുന്നണി നേതൃത്വം രൂപം നൽകി. 28ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ പട്ടിക അംഗീകാരത്തിനായി എത്തിയേക്കും.

ഇടതു ധാരണയനുസരിച്ച് സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ്-എം പാർട്ടികൾക്ക് മാത്രമാണ് പട്ടികയിൽ പ്രാതിനിദ്ധ്യം. രണ്ട് ജനതാദൾ ഗ്രൂപ്പുകളും എൻ.സി.പിയുമടക്കമുള്ള ചെറുകക്ഷികളെല്ലാം തഴയപ്പെട്ടു. പ്ലീഡർ നിയമനത്തിലും രണ്ട് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കിയാണ് കരട് തയാറാക്കിയതെന്നാണ് വിവരം.

ആയിരത്തോളം അപേക്ഷകളിൽ നിന്നാണ് 135 പേരുടെ കരട് പട്ടികയ്ക്ക് രൂപം നൽകിയത്. ഇതിൽ 105 പേർ സി.പി.എമ്മിന്റെയും,20 പേർ സി.പി.ഐയുടെയും 10 പേർ കേരള കോൺഗ്രസ്-എമ്മിന്റെയും പ്രതിനിധികളാണ്. മാണി ഗ്രൂപ്പിന് മുന്നണിയിൽ കിട്ടുന്ന സ്വീകാര്യതയുടെ തെളിവാണ് ഈ പ്രാതിനിദ്ധ്യം. സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും, സി.പി.ഐയുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സുമാണ് പ്രധാനമായും പ്ലീഡർ സാദ്ധ്യതാ പട്ടികയിലേക്ക് പേരുകൾ കൈമാറിയത്. മികവും കഴിവും പരിഗണിച്ചാകും പ്ലീഡർ നിയമനമെന്നാണ് സർക്കാർ വാദം.എന്നാൽ, പ്ലീഡർമാരെ വലിയ ശമ്പളത്തിന് നിയമിച്ചിട്ടും വിവാദ കേസുകളിൽ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിലെ യുക്തി നിയമ വൃത്തങ്ങളിൽ ചർച്ചയാണ്.

അതേസമയം,അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ സ്ഥാനത്തിനായി സി.പി.എമ്മും സി.പി.ഐയും അവകാശവാദമുന്നയിക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Advertisement
Advertisement