കുരയ്ക്കില്ല, കടിക്കില്ല.. ഇത് ആൽഫാഡോഗ് !
നായകളുടെ രൂപവും നാല് കാലുകളുമുള്ള ഇവനാണ് ആൽഫാഡോഗ്. ചൈനീസ് ടെക് കമ്പനിയായ വെയ്‌ലാൻ വികസിപ്പിച്ചെടുത്ത നായയുടെ മാതൃകയിലുള്ള ഒരു റോബോട്ടാണ് ആൽഫാഡോഗ്. ഭാവിയിൽ രാജ്യത്ത് എല്ലാ വീടുകളിലും വളർത്തുമൃഗമെന്ന പോലെ ഒരു ആൽഫാ ഡോഗിനെ കാണുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു. സയൻസ് ഫിക്‌ഷൻ സിനിമകളിലൊക്കെ കാണുന്ന പോലെയുള്ള ഈ റോബോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ആളുകൾ, സ്ഥലങ്ങൾ എന്നിവയെ ഒരു ബോഡിഗാർഡിനെ പോലെ ചുറ്റുപാടും നിന്ന് സുരക്ഷിതമായി നോക്കാനും പാർക്കുകൾ ഉൾപ്പെടെ ആളുകൾ ചേരുന്ന പ്രദേശത്ത് പൊലീസിനെയും മറ്റും പട്രോളിംഗിൽ സഹായിക്കാനും റോബോട്ടിന് സാധിക്കും. കാഴ്ചശക്തിയില്ലാത്തവരെ നയിക്കാനും സാധനങ്ങൾ ഡെലിവറി ചെയ്യാനും മനുഷ്യർക്ക് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ രക്ഷാദൗത്യത്തിനും ഈ റോബോട്ടിനെ ഉപയോഗിക്കാം.
നൽകുന്ന ടാസ്കുകൾ നിർവഹിക്കാനും ചുറ്റുപാടും നിരീക്ഷിക്കാനും പ്രത്യേക സെൻസറുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ മൂന്ന് മുതൽ നാല് മൈൽ വരെ വേഗത്തിൽ നടക്കാനും പടികൾ കയറാനും ആൽഫ ഡോഗിന് സാധിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്നതായതിനാൽ കൃത്യസമയത്ത് റീചാർജ് ചെയ്യാൻ ശ്രദ്ധിക്കണം. മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന കൂടുതൽ ശക്തമായ റോബോട്ടുകൾ നിർമ്മിക്കുന്നതിന്റെ ഗവേഷണങ്ങളിലാണ് കമ്പനിയിപ്പോൾ.
ഇതാദ്യമായല്ല നായയുടെ രൂപത്തിലുള്ള റോബോട്ട് മോഡലിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കൊവിഡ് ലോക്ക്ഡൗൺ കാലയളവിൽ ആളുകൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സിംഗപ്പൂർ റോബോട്ട് ഡോഗിനെ രംഗത്തിറക്കിയിരുന്നു. മഞ്ഞയും കറുപ്പും നിറമുള്ള റോബോർട്ട് ഡോഗിനെ ഒരു പാർക്കിലായിരുന്നു വിന്യസിച്ചിരുന്നത്. ആളുകൾ കൂട്ടം കൂടിനിന്നാൽ അധികൃതർക്ക് തത്സമയം വിവരങ്ങൾ റോബോട്ട് കൈമാറിയിരുന്നു. സ്പോട്ട് എന്നാണ് അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സ് നിർമ്മിച്ച ഈ റോബോട്ടിന്റെ പേര്. പരീക്ഷണാടിസ്ഥാനത്തിൽ സിംഗപ്പൂർ മുന്നോട്ട് വച്ച റോബോട്ട് പ്രോഗാം ഏറെ ശ്രദ്ധനേടിയിരുന്നു.