ഇന്ത്യൻ വിദ്യാർത്ഥികളോട് ചൈനയുടെ ക്രൂരത, നിരോധിച്ച ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്നതായി പരാതി

Wednesday 21 July 2021 3:04 PM IST

ന്യൂഡൽഹി: ചൈനയിൽ ഉപരിപഠനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അവിടത്തെ സർവകലാശാലകൾ നിർബന്ധിക്കുന്നതായി ആരോപണം. ഏകദേശം 23000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്നത്. കൊവിഡിനെ തുടർന്ന് തിരിച്ച് ഇന്ത്യയിൽ എത്തിയ ഇവർക്ക് മടങ്ങിപോകാൻ ഇതുവരെ സാധിക്കാത്തതിനാൽ ഓൺലൈൻ വഴിയാണ് പഠനം നടക്കുന്നത്. എന്നാൽ ചൈനയിലെ മിക്ക സർവകലാശാലകളും വീ ചാറ്റ്, ഡിംഗ്‌ടാക്ക്, സൂപ്പർസ്റ്റാർ മുതലായ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള അപ്പുകൾ വഴിയാണ് ഓൺലൈൻ പഠനം നടത്തുന്നത്. വീഡിയോ കാളിനു ഇന്ത്യയിൽ ലഭിക്കാത്ത ടെൻസെന്റ് എന്ന അപ്ലിക്കേഷനാണ് ചൈനീസ് സർവകലാശാലകൾ ഉപയോഗിക്കുന്നത്.

ഇതു കാരണം ഇന്ത്യയിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഠനം തുടരണമെങ്കിൽ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക തന്നെ വേണമെന്ന് സർവകലാശാലകൾ നിർബന്ധിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികൾ ഇതു സംബന്ധിച്ച് ചൈനയിലും ഇന്ത്യയിലുമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയായും ഉണ്ടായില്ല. താത്കാലിക ആശ്വാസം എന്ന രീതിയിൽ വി പി എൻ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിദ്യാ‌ർത്ഥികൾ ഇപ്പോൾ തങ്ങളുടെ പഠനം തുടരുന്നത്. എന്നാൽ ഇതൊരു ശാശ്വത പരിഹാരം അല്ല. ഓരോ വർഷവും 3 മുതൽ 5 ലക്ഷം രൂപ വരെ മുടക്കിയാണ് ഓരോ വിദ്യാ‌ത്ഥിയും ചൈനയിൽ ഉപരിപഠനത്തിന് അഡ്‌മിഷൻ എടുക്കുന്നത്.

Advertisement
Advertisement