മദ്യവില്പന; മദ്ധ്യ വയസ്ക്കൻ അറസ്റ്റിൽ

Thursday 22 July 2021 5:00 AM IST

കല്ലമ്പലം: കോളനികൾ കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തി വന്ന മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ. നാവായിക്കുളം വെട്ടിയറ കെട്ടിടംമുക്ക് ടി.എസ് വില്ലയിൽ താഹ (59) ആണ് അറസ്റ്റിലായത്. കെട്ടിടംമുക്കിന് സമീപമുള്ള പുന്നവിള കോളനിയിൽ സ്കൂട്ടറിൽ കൊണ്ടുനടന്നാണ് ഇയാൾ മദ്യം വില്പനനടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യാസക്തിയിൽ കോളനിയിലെ ചിലർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമത്തിന് മുതിരുന്നുവെന്ന പരാതിയിൽ കോളനി പള്ളിക്കൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ്‌ കോളനി വാസികൾക്ക് സ്ഥിരമായി മദ്യം വില്പന നടത്തുന്ന താഹ പിടിയിലായത്. ഇയാളുടെ ഇരുചക്ര വാഹനത്തിൽ നിന്ന് 7 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത വാഹനം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറി. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം, വിജയകുമാർ, ഉദയകുമാർ, സി.പി.ഒ മാരായ അനീഷ്‌, ജയപ്രകാശ്, ഷമീർ, എസ്.സി.പി.ഒ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement