ചൈനയുടെ വിരട്ടും പാകിസ്ഥാന്റെ ഡ്രോൺ ശല്യവുമൊക്കെ ഇതോടെ തീരും; ഫ്രാൻസിൽ നിന്നും രണ്ടാം ബാച്ച് റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി

Wednesday 21 July 2021 8:51 PM IST

ന്യൂഡൽഹി: ചൈനയുടെ വിരട്ടും പാകിസ്ഥാൻ പിന്തുണയുള‌ള ഡ്രോൺ ആക്രമണമോ ഒന്നും ഇനി ഇന്ത്യയ്‌ക്ക് പ്രശ്‌നമല്ല. ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് റാഫേൽ വിമാനങ്ങൾ കൂടി ഇന്ന് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. ഫ്രാൻസിലെ ഇസ്ട്രെസ് എയർ ബേസിൽ നിന്നും പറന്നുയർന്ന വിമാനങ്ങൾ വഴിയിലെവിടെയും ഇറങ്ങാതെയാണ് ഇന്ത്യയിലെത്തിയത്.

ഇടയ്‌ക്ക് വായുമദ്ധ്യേ യുഎ‌ഇയുടെ വിമാനങ്ങളിൽ ഇന്ധനം നിറയ്‌ക്കാനും സഹായിച്ചു.

ഫ്രഞ്ച് സർക്കാരുമായി 36 വിമാനങ്ങൾക്കാണ് ഇന്ത്യ 2016ൽ കരാർ ഏർപ്പെട്ടത്. 59000 കോടിയായിരുന്നു ചിലവ്. ഇവയെല്ലാം 2022ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻപ് വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയ വെളിപ്പെടുത്തിയിരുന്നു. മിക്ക വിമാനങ്ങളും പറഞ്ഞ സമയത്തിന് മുൻപ് തന്നെ ഫ്രാൻസ് നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു.

മുൻപ് ഫെബ്രുവരി മാസത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റാഫേൽ വിമാനങ്ങൾ 2022 ഏപ്രിലിൽ പൂ‌ർണമായും ഇന്ത്യയ്‌ക്ക് സ്വന്തമാകും എന്നറിയിച്ചിരുന്നു. ഒറ്റ പറക്കലിൽ 3700 കിലോമീറ്റർ നിർത്താതെ സഞ്ചരിക്കാൻ കഴിയുന്ന റാഫേൽ വിമാനങ്ങൾക്ക് മണിക്കൂറിൽ 1912 കിലോമീറ്റർ വേഗം കൈവരിക്കാനാകും.