ബസുകളെ കൊവിഡ് കട്ടപ്പുറത്ത് കയറ്റി: പട്ടിണിയൊഴിവാക്കാൻ മുളയിൽ കരവിരുത് തീർത്ത് ഉണ്ണിക്കൃഷ്ണൻ

Wednesday 21 July 2021 9:59 PM IST
മുളകൾ ഉപയോഗിച്ച് ഉണിക്കൃഷ്ണൻ പുട്ടുകണ നിർമ്മിക്കുന്നു

മാള: കൊവിഡും ലോക്ക്ഡൗണും സ്വകാര്യ ബസുകളെ കട്ടപ്പുറത്താക്കിയതോടെ തൊഴിലാളിയായ ഉണ്ണിക്കൃഷ്ണൻ മുളയിൽ കരവിരുത് തീർത്ത് ജീവിതമാർഗം തേടുകയാണിപ്പോൾ. ബസുകൾ സർവീസ് തുടങ്ങുമെന്നുള്ള പ്രതീക്ഷ കൈവിട്ടതോടെയാണ് മാളയ്ക്കടുത്തുള്ള ചെറിയാൻപാടത്ത് ഉണ്ണിക്കൃഷ്ണൻ ഒരു മാസത്തിലധികമായി സൗജന്യമായി ലഭിച്ച മുള കൊണ്ട് ഉപജീവന സാധ്യത തേടുന്നത്.

യന്ത്രങ്ങളുടെ സഹായമൊന്നും ഇല്ലാതെ വാക്കത്തിയും ഹാക്‌സോ ബ്ലേഡും ചെറിയ കത്തിയും മാത്രം ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്ണൻ കരവിരുത് പ്രകടിപ്പിക്കുന്നത്. മുള, ചിരട്ട എന്നിവ കൊണ്ടുള്ള വീട്ടുപയോഗത്തിന് ആവശ്യമായവയാണ് നിർമ്മിച്ചെടുക്കുന്നത്. പുട്ട് കണ, നാഴി, വെള്ളം കുടിക്കാനുള്ള കപ്പ്, ജഗ് തുടങ്ങിയ വീട്ടുപകരണങ്ങളും പൂക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള കൂടയും അടക്കമുള്ള നിരവധി ഇനങ്ങളാണ് ഈ 49കാരന്റെ കരവിരുതിൽ രൂപപ്പെടുന്നത്. ചൂൽ നിർമ്മിച്ച് നൽകിയും വരുമാനം നേടുന്നു.

കോൾക്കുന്നിലെ ആറ് സെന്റ് സ്ഥലത്തെ പണിതീരാത്ത വീടിന് പിന്നിൽ താത്കാലിക കൂരയൊരുക്കിയാണ് താമസം. ആറ് വർഷം മുൻപ് മുതൽ ഭാര്യ അർബുദരോഗിയാണ്. അമ്മയും രണ്ട് പെൺമക്കളുമാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം. കുറച്ചുനാൾ പെയിന്റിംഗ് ജോലികൾക്ക് പോയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ അതും ഇല്ലാതായി.

കുടുംബം പോറ്റാൻ വേറെ വഴിയില്ലാതായപ്പോഴാണ് സൗജന്യമായി മുളകൾ കിട്ടിയതിൽ നിർമ്മാണം നടത്തിയത്. ഈ കരവിരുതിലൂടെ പട്ടിണിയൊഴിവാക്കാൻ കഴിഞ്ഞുവെന്ന് മാത്രം. ഈ പ്രകൃതി സൗഹൃദ വീട്ടുപകരണങ്ങൾ ആളുകൾ സ്വീകരിക്കുമെന്നാണ് അവസാന പ്രതീക്ഷ.

- ഉണ്ണിക്കൃഷ്ണൻ.

Advertisement
Advertisement