കഴിയുന്നില്ല, പിടിച്ചുനിൽക്കാൻ...

Thursday 22 July 2021 12:47 AM IST

കൊവിഡ് പ്രതിസന്ധിയിൽ ജീവിതം വെടിയുന്നവരുടെ എണ്ണം കൂടുന്നു

ആലപ്പുഴ: കൊവിഡ് വ്യാപനവും പിന്നാലെയെത്തിയ നിയന്ത്രണങ്ങളും ഉപജീവനമാ‌ർഗങ്ങൾ അടച്ചതോടെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഈ ഗതികേടിന്റെ അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ ആത്മഹത്യ ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണി.

ആഘോഷവേദികൾ വഴി ജീവിതമാർഗം കണ്ടെത്തിയിരുന്നവർക്ക് ഒന്നര വർഷമായി പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകൾ മാത്രമാണ് പറയാനുള്ളത്. എല്ലാ ആഘോഷ വേദികളിലും ലൈറ്റ് ആൻഡ് സൗണ്ട് പ്രവ‌ർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിരുന്ന തരത്തിൽ ഹൈടെക്ക് ആഘോഷ പരിപാടികളാണ് കൊവിഡിന് തൊട്ടുമുമ്പ് വരെ നടന്നിരുന്നത്. വിവാഹങ്ങൾ പോലും ഗാനമേള ട്രൂപ്പുകൾക്ക് അവസരങ്ങൾ സമ്മാനിച്ചിരുന്നു. കൊവിഡിനു മുമ്പ് മേഖലയിലുണ്ടായിരുന്ന ഉണർവ് കണക്കിലെടുത്ത്, കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ മാറ്റി പുതിയവ സ്വന്തമാക്കാൻ ലക്ഷങ്ങൾ വായ്പയെടുത്തവരുണ്ട്. എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് കൊവിഡ് അരങ്ങേറിയപ്പോൾ അപ്രതീക്ഷിതമായി വേദികൾ നഷ്ടപ്പെട്ടതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഏതാനും ദിവസം ചിലർക്ക് ജോലി ലഭിച്ചതൊഴിച്ചാൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണ് കഴിയുന്നത്.

ഏപ്രിൽ, മേയ് മാസങ്ങളിലെ സീസൺ വരുമാനം നഷ്ടം

ഉപകരണങ്ങൾ നശിക്കുന്നു

ഇലക്ട്രാണിക് ഉപകരണങ്ങൾ, ജനറേറ്റർ, വാഹനങ്ങൾ എന്നിവ തകരാറിൽ

ജനറേറ്റർ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കാൻ വെല്ലുവിളിയായി ഡീസൽ വില

 10,000: ജില്ലയിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ

വർഷങ്ങളായി ഇതേ മേഖലയിൽ ജീവിതം നയിച്ചവർക്ക് പൊടുന്നനെ മറ്റൊരു തൊഴിലിലേക്ക് മാറാൻ അവസരം ലഭിക്കുന്നില്ല. പ്രതിസന്ധി മൂലം ജീവിതം വഴിമുട്ടുമ്പോഴാണ് ആത്മഹത്യകൾ പെരുകുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താൻ അവസരം ലഭിച്ചാൽ ഒരുപാട് ജീവിതങ്ങൾ കരകയറും

സി.പി.ഷാജി, അനൗൺസ്മെന്റ് കലാകാരൻ

Advertisement
Advertisement