ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

Thursday 22 July 2021 1:22 AM IST

പൂവാർ: രണ്ടരവയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ പൂവാർ പൊലീസ് പിടികൂടി. പഴയകട പുറുത്തിവിള സ്വീറ്റ് ഹോമിൽ അഭിരാജാണ് (25) പിടിയിലായത്. രണ്ട് വയസുള്ള കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനായി പൂവാർ സ്വദേശിയുടെ രണ്ടരവയസുള്ള മകന്റെ ഫോട്ടോയും ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി അഭിരാജിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തന്നെയാണ് ഉപയോഗിച്ചത്. ചികിത്സാ സഹായ അഭ്യർത്ഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാർ വിവരംം അറിയുന്നത്. തുടർന്ന് കുട്ടിയുടെ പിതാവ് പൂവാർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്. കണ്ണൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 18 കോടി രൂപയാണ് ശേഖരിച്ചത്. ഇത്തരത്തിൽ വേഗത്തിൽ പണമുണ്ടാക്കാനാണ് ചികിത്സാ സഹായ തട്ടിപ്പ് നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, സമാനമായ മറ്റ് തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement