പെഗസസ് വിവാദം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും,സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ശശി തരൂർ
Thursday 22 July 2021 7:55 AM IST
ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുളള ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ആഗസ്റ്റിൽ സമർപ്പിക്കുമെന്ന് അദ്ധ്യക്ഷൻ ശശി തരൂർ അറിയിച്ചു. വിഷയത്തിൽ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെഗസസ് വാങ്ങിയെന്ന ആരോപണം സർക്കാർ നിഷേധിച്ചിട്ടില്ലെന്നും, വിവാദം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെഗസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പെഗസസ് സർക്കാരുകൾക്ക് മാത്രമേ നൽകാറുള്ളൂ. ചൈനയോ പാകിസ്ഥാനോ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന് വിശ്വസിക്കാൻ സാധിക്കുമോയെന്ന് ശശി തരൂർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.