ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
Thursday 22 July 2021 10:17 AM IST
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. മിനിറ്റുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു.
അതേസമയം, ശശീന്ദ്രന്‍റെ ഫോൺവിളി വിവാദം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി സി വിഷ്‌ണുനാഥാണ് നോട്ടീസ് നൽകിയത്. സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.