സർവ്വകലാശാലാ കാമ്പസിൽ 100 മാവിൻതൈകൾ നട്ടു: മധുരസ്മൃതിയായി 'സുഗതകുമാരി മാന്തോപ്പ് "

Thursday 22 July 2021 8:40 PM IST
കവയിത്രി സുഗതകുമാരിയുടെ സ്മരണക്കായി താവക്കര യുണിവേഴ്സിറ്റി കാമ്പസിൽ നൂറിനം മാവിൻ തൈകൾ നട്ട് നിർമ്മിക്കുന്ന സുഗതകുമാരി മാന്തോപ്പിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സനൽ അമൻ നിർവഹിക്കുന്നു

കണ്ണൂർ :മാമ്പഴ ദിനത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 100 വ്യത്യസ്തയിനം മാവിൻ തൈകൾ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നാട്ടുമാവിൻ തോട്ടം പദ്ധതിയുടെ ഭാഗമായാണ് താവക്കര ക്യാമ്പസിൽ സുഗതകുമാരി മാന്തോപ്പ് പദ്ധതി എന്ന പേരിൽ അപൂർവ്വ ഇനങ്ങൾ ഉൾപ്പെടെയുളള 100 നാട്ടുമാവിൻ തൈകൾ നട്ടത്.

താവക്കര ക്യാമ്പസിൽ സിനിമാതാരം സനൽ അമനാണ് മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, സി പി ഷിജു, സെക്രട്ടറി വി ചന്ദ്രൻ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് വി ലത, കരിമ്പം ഫാം സൂപ്രണ്ട് സ്മിത ഹരിദാസ്, കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ പ്രതിനിധി എം ഷൈജു തുടങ്ങിയവർ പങ്കെടുത്തു.

ചെമ്പൻ മധുരം മുതൽ തത്തച്ചുണ്ടൻ വരെ

ചെമ്പൻമധുരം, കൈത മധുരം, ഊറൻ മധുരം, പുളി ഊറൻ, സിന്ദൂര പുളിയൻ, ചുനയൻ മധുരം, വലിയ പുളിശ്ശേരിയൻ, തത്തച്ചുണ്ടൻ, മുണ്ടപ്പ, മധുരക്കോട്ടി തുടങ്ങി 100 വ്യത്യസ്തയിനം നാട്ടുമാവിൻ തൈകളാണ് നട്ടുപിട്ടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ ഉൾപ്പെടെയുള്ള 50 കേന്ദ്രങ്ങളിൽ മാന്തോപ്പുകൾ ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. നാട്ടുമാവുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണവും പ്രചാരണവുമാണ് പദ്ധതിയുടെ ഉദ്ദേശം. ജില്ലയെ കാർബൺ ന്യൂട്രൺ ജില്ലയാക്കി മാറ്റുക എന്ന ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഇത്തരമൊരു മാന്തോപ്പിന്റെ നിർമാണം. കൃഷി വകുപ്പിന്റെയും കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരിമ്പം ഫാമിൽ നിന്നാണ് മാവിൻതൈകൾ ഉത്പാദിപ്പിക്കുന്നത്.

Advertisement
Advertisement