ലോക്കഴിഞ്ഞു; പുത്തൻ വണ്ടിക്ക് ഓഫർപ്പെരുമഴ

Friday 23 July 2021 12:00 AM IST

കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുകയും വിപണി വീണ്ടും സജീവമാകുകയും ചെയ്‌തതോടെ ഉപഭോക്താക്കളെ ആകർഷിക്കാനായി മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കൾ. പുത്തൻ വണ്ടിയെന്ന സ്വപ്‌നത്തിന് കൊവിഡും ലോക്ക്ഡൗണും മൂലം മുൻമാസങ്ങളിൽ ബ്രേക്കിട്ടവർക്കും നിലവിലെ വാഹനം എക്‌സ്ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാൻ ശ്രമിക്കുന്നവർക്കും പ്രയോജനപ്പെടുന്നതാണ് മിക്ക ഓഫറുകളും.

ഓൾട്ടോ, എസ്-പ്രെസോ (പെട്രോൾ പതിപ്പുകൾ) എന്നിവയ്ക്ക് 44,000 രൂപവരെയും വാഗൺആറിന് (പെട്രോൾ) 34,000 രൂപവരെയും ഡിസ്‌കൗണ്ടാണ് മാരുതിയുടെ വാഗ്‌ദാനം. എസ്-ക്രോസ് - 57,500 രൂപ, സിയസ് - 32,500 രൂപ, ഇഗ്‌നിസ് - 40,000 രൂപ, ബലേനോ - 40,000 രൂപ, ബ്രെസ - 39,000 രൂപ, ഈക്കോ - 28,000 രൂപ, ഡിയസർ - 34,000 രൂപ, സ്വിഫ്‌റ്റ് - 54,000 രൂപ, സെലെറിയോ - 18,000 രൂപ എന്നിങ്ങനെയും ആനുകൂല്യമുണ്ട്. ടിയാഗോയ്ക്ക് 28,000 രൂപ, ടിഗോറിന് 33,000 രൂപ, നെക്‌സോൺ പെട്രോളിന് 3,000 രൂപ, ഡീസലിന് 20,000 രൂപ, ഇ.വിക്ക് 15,000 രൂപ, ഹാരിയറിന് 70,000 രൂപ എന്നിങ്ങനെയാണ് ടാറ്റായുടെ ഓഫറുകൾ.

കോന ഇ.വിക്ക് ഒന്നരലക്ഷം രൂപയുടെ ഇളവാണ് ഹ്യുണ്ടായ് നൽകുന്നത്. സാൻട്രോയ്ക്ക് 40,000 രൂപ, ഐ10 നിയോസിനും ഓറയ്ക്കും 50,000 രൂപ വീതം എന്നിങ്ങനെയും ഇളവുണ്ട്. റെനോയുടെ ക്വിഡിന് 52,000 രൂപവരെയും (പുറമേ കോർപ്പറേറ്റ്, സ്‌ക്രാപ്പേജ് ഓഫറുകളും) കൈഗറിന് 25,000 രൂപവരെയുമാണ് ഇളവ്. ഡസ്‌റ്ററിന് 75,000 രൂപ, ട്രൈബറിന് 55,000 രൂപ എന്നിങ്ങനെയും ആനുകൂല്യമുണ്ട്. 53,000 രൂപയാണ് ഹോണ്ട അമേസിന് ഡിസ്‌കൗണ്ട്. ജാസിന് 30,100 രൂപ, ഡബ്ള്യു.ആർ-വിക്ക് 49,000 രൂപ. കാർണിവൽ മോഡലിന് കിയ വാഗ്‌ദാനം ചെയ്യുന്ന ഡിസ്‌കൗണ്ട് 3.75 ലക്ഷം രൂപവരെ.

കോംപാക്‌റ്റ് എസ്.യു.വിയായ കിക്ക്സിന് 85,000 രൂപവരെ ഇളവും മൂന്നുമാസ ഇ.എം.ഐ ഹോളിഡേയും നിസാൻ നൽകുന്നു. ടൊയോട്ട ഗ്ളാൻസ വാങ്ങുമ്പോൾ അനുകൂല്യം 30,000 രൂപവരെ. യാരിസിന് 65,000 രൂപവരെയും അർബൻ ക്രൂസറിന് 20,000 രൂപവരെയുമാണ് ഇളവ്. റെഡി-ഗോയ്ക്ക് 39,000 രൂപ, ഗോയ്ക്ക് 40,000 രൂപ, ഗോ പ്ളസിന് 40,000 രൂപ എന്നിങ്ങനെയാണ് ഡാറ്റ്‌സന്റെ ഓഫറുകൾ. അൾട്ടുറാസിന് 3.02 ലക്ഷം രൂപവരെ ആനുകൂല്യം വാഗ്‌ദാനം ചെയ്യുന്ന മഹീന്ദ്ര, എക്‌സ്.യു.വി 500ന് 1.9 ലക്ഷം രൂപവരെയും കെ.യു.വി100ന് 61,000 രൂപവരെയും ഇളവുനൽകുന്നു.

ടൂവീലറുകളിൽ യമഹ പുത്തൻ സ്കൂട്ടറായ ഫാസിനോ 125 എഫ്.ഐയ്ക്കൊപ്പം 3,876 രൂപയുടെ സൗജന്യ ഇൻഷ്വറൻസ് വാഗ്‌ദാനം ചെയ്യുന്നു. മിക്ക കമ്പനികളുടെയും ഓഫറുകൾ ഈമാസം 31 വരെയാണ്. പ്രാദേശികാടിസ്ഥാനത്തിൽ ഓഫറുകളിൽ വ്യത്യാസം വരുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement