കഴുത്തിൽ കുരുക്കാകുന്ന ലോക്ക് ഡൗൺ

Friday 23 July 2021 12:00 AM IST

കടബാദ്ധ്യതയെ തുടർന്ന് അടിമാലിയിലെ ബേക്കറിയുടമ വിനോദ് തന്റെ കടയിൽ വാഴക്കുല തൂക്കിയിടുന്ന പൈപ്പിൽ ഉടുമുണ്ട് കെട്ടി ജീവിതം അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പത്ത് വർഷത്തിലധികമായി ബേക്കറി നടത്തുന്ന വിനോദിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. നല്ല രീതിയിൽ കച്ചവടം നടന്നിരുന്ന സ്ഥാപനമായിരുന്നതിനാൽ കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നു. എന്നാൽ സി വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ അടിമാലി പഞ്ചായത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് കടകൾ തുറന്നിരുന്നത്. അതിനിടെ അടുത്തിടെ കൊവിഡ് പിടിപ്പെട്ട് ഒരു മാസത്തോളം കട തുറക്കാനുമായില്ല. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കടയിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഇരയായി സംസ്ഥാനത്ത് ദിവസവും ജീവിതം അവസാനിപ്പിക്കുന്നവരുടെ പട്ടികയിലൊരാൾ മാത്രമാണ് വിനോദ്. ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമയും സ്വകാര്യ ബസ് ഉടമയുമെല്ലാം ഈ പട്ടികയിൽപ്പെടും. തെല്ല് അതിശയോക്തിയായി തോന്നാമെങ്കിലും ഇങ്ങനെ പോയാൽ കൊവിഡ് മൂലം മരിക്കുന്നവരെക്കാൾ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിയേക്കും.

നടുവൊടിഞ്ഞ് വ്യാപാരമേഖല

വൈറസിനെ ഭയന്ന് ജനം വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായപ്പോൾ എല്ലാ മേഖലകളുടെയും നടുവൊടിഞ്ഞു. ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന സാമ്പത്തിക സ്രോതസാണ് വിനോദസഞ്ചാര മേഖല. ഒന്നരവർഷമായി ഈ മേഖല നിർജീവമാണ്. വെള്ളച്ചാട്ടങ്ങളിലും അണക്കെട്ടുകളും കുന്നിൻചെരുവുകളിലും ആളനക്കമില്ലാതായതോടെ കണ്ണീരിലായത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാത്രം കുടുംബങ്ങളല്ല. വിനോദസഞ്ചാരമേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ആട്ടോ- ടാക്സി തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പതിനായിരങ്ങളുണ്ട്. മൂന്നാറിന്റെ പ്രവേശന കവാടമായ നേര്യമംഗലത്തെയും ഇടത്താവളമായ അടിമാലിയിലെയും മുഖ്യ വ്യാപാരം വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. അത്തരമൊരു വ്യാപാരിയായിരുന്നു തിങ്കളാഴ്ച ജീവനൊടുക്കിയ ബേക്കറിയും ടീ സ്റ്റാളും നടത്തിയിരുന്ന വിനോദ്. മൂന്നാർ മേഖലയിൽ മാത്രം ചെറുതും വലുതുമായി അഞ്ഞൂറോളം ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. 25,000 ന് മുകളിൽ ജീവനക്കാർ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം താലൂക്കിൽ കൊവിഡ് ആരംഭിച്ചതിന് ശേഷം പൂട്ടുവീണത് മുന്നൂറോളം വ്യാപാര സ്ഥാപനങ്ങൾക്കാണ്. ചെറുകിട സ്ഥാപനങ്ങളും ഹോട്ടലുകളും വസ്ത്രക്കടകളുമാണ് പൂട്ടിയവയിൽ കൂടുതലുമെന്ന് വ്യാപാരിസംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റ് കടകളെ അപേക്ഷിച്ച് കൂടിയ വാടകയാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നത്. 17 തൊഴിലാളികൾ വരെയുണ്ടായിരുന്ന ഹോട്ടലുകളിൽ ഉടമയടക്കം മൂന്നുപേരാണ് ഇപ്പോൾ ജോലിനോക്കുന്നത്. ലക്ഷങ്ങൾ മുടക്കി അടിമാലി ബസ്‌ സ്റ്റാൻഡിൽ തുടങ്ങിയ വസ്ത്ര വ്യാപാരസ്ഥാപനം ഒരു വർഷത്തിനുള്ളിൽ പൂട്ടി. വാടക കുടിശികയും ബസുകളിൽ യാത്രക്കാരില്ലാതെ വന്നതു മൂലം വ്യാപാരം കുറഞ്ഞതുമാണ് കാരണം. 2018ലെ മഹാപ്രളയം മുതൽ സ്വകാര്യ ബസ് സർവീസുകൾ നഷ്ടത്തിലാണ്. യാത്രക്കാരുടെ കുറവാണ് കാരണം. ബസ്‌ സ്റ്റാൻ‌ഡിൽ വ്യാപാരം തീരെ ഇല്ലാതായപ്പോൾ സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉൾപ്പെടെ വാടക കെട്ടിടങ്ങളിൽ ഇരിക്കുന്നവർ പ്രതിസന്ധിയിലായി.

ഇനി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ചോദ്യം ഇവർക്കെല്ലാം മുന്നിലുമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും സ്വദേശികളും ഉത്തരേന്ത്യയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കുറച്ചുപേരും എത്തിയതൊഴിച്ചാൽ സ്ഥിതി മോശമായിരുന്നു. രണ്ടാം ലോക്ക് ഡൗൺ കൂടിയായപ്പോൾ കാര്യങ്ങളാകെ കൈവിട്ടുപോയി. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കടകൾ തുറക്കുന്നത് അശാസ്ത്രീയമാണെന്ന അഭിപ്രായം വിദഗ്ദ്ധരടക്കം പങ്കുവയ്ക്കുന്നു. തുറക്കുന്ന ദിവസങ്ങളിൽ ജനം കൂട്ടത്തോടെയിറങ്ങുമെന്നത് ഈ ദിവസങ്ങളിൽ തെളിഞ്ഞതാണ്. കൂടുതൽ ജനത്തിരക്ക് ഉണ്ടാവുന്ന മദ്യവില്‌പനശാലകളും പൊതുഗതാഗത സംവിധാനങ്ങളും തുറന്നു കൊടുത്ത് കടകൾ മാത്രം അടച്ചിടുന്നതിന്റെ യുക്തി വ്യാപാരികൾ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്ക് ഡൗണിന് ഉണ്ടായിരുന്ന വായ്പകൾക്കുള്ള മൊറട്ടോറിയമോ നികുതി ഇളവോ വാടക ഇളവോ ഒന്നും ഇത്തവണയില്ല. തുറക്കുന്ന ദിവസങ്ങളിലെ വരുമാനം തൊഴിലാളികൾക്ക് കൂലി നൽകാനോ കടവാടക നൽകാനോ പോലും തികയാറില്ല. ഇതിനിടയിൽ വൈദ്യുതി ബില്ലിനും മറ്റും തുക കണ്ടെത്തുകയും വേണം. കൊവിഡ് കാരണം വിദേശങ്ങളിൽ നിന്നുവന്ന് കച്ചവടത്തിൽ ഭാഗ്യം പരീക്ഷിച്ചവരുമുണ്ട്. പലരും വായ്പയെടുത്തും കടം വാങ്ങിയുമാണ് കച്ചവടം തുടങ്ങിയത്. പതിറ്റാണ്ടുകളായി കച്ചവടം ചെയ്യുന്ന പല സ്ഥാപനങ്ങളും തുറക്കുന്നുണ്ടെങ്കിലും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കു മാത്രം. സർക്കാരും ഈ മേഖലയെ പാടെ അവഗണിച്ചതോടു കൂടി ആത്മഹത്യയല്ലാതെ അവർക്ക് മുന്നിൽ മറ്റ് പോംവഴികളില്ലാതായി.

Advertisement
Advertisement