ആകാശം പൊതുവേ മേഘാവൃതമായില്ല!

Friday 23 July 2021 12:00 AM IST

ആകാശം പൊതുവെ മേഘാവൃതമായിരിക്കും, ഇടിയോടു കൂടിയ കനത്തമഴ പ്രതീക്ഷിക്കാം എന്നായിരുന്നു കാലാവസ്ഥാ പ്രവചനം. പക്ഷേ, ആകാശം ഭാഗികമായി മേഘാവൃതമായതേ ഉള്ളൂ. സംഗതി അതുകൊണ്ട് ചാറ്റൽമഴയിലും നേർത്തൊരു ഇടിമിന്നലിലും ഒതുങ്ങി. പറഞ്ഞുവരുന്നത് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോൺവിളി വിവാദത്തെപ്പറ്റിയാണ്. മന്ത്രി നിയമസഭയിൽ കാണരുതെന്നാണ് പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം പുറത്ത് ശാഠ്യം പറഞ്ഞത്. അതിനാൽ സംഗതി ഇടിയോടുകൂടി കനത്തതായിരിക്കുമെന്ന് ഭരണപക്ഷത്തുള്ളവർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവുക സ്വാഭാവികം. പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങി നിന്നു.

പ്രാദേശിക രാഷ്ട്രീയ നേതാവിനെതിരായ പീഡനപരാതി ഒതുക്കിത്തീർക്കാൻ ഇരയുടെ പിതാവിനെ വിളിച്ച മന്ത്രി,​ 'ഭരണഘടനയും നിയമവും അനുശാസിക്കും വിധം ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവർക്കും നീതി നടപ്പാക്കു'മെന്ന സ്വന്തം സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ,​ കൊല്ലത്തെ യുവതിയുടെ പരാതിക്കാര്യത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന പി.സി. വിഷ്ണുനാഥ് കണ്ടെത്തി. മിനിമം ശിക്ഷയെന്ന നിലയിൽ മന്ത്രി രാജിവയ്ക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്ന പരിഹാരക്രിയ. രാജി നടന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് എഴുതി വാങ്ങണം. പരാതിയെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കിയ അനീതിയുടെ ആരാച്ചാരായി മന്ത്രി ശശീന്ദ്രനെ വിഷ്ണുനാഥ് വിശേഷിപ്പിക്കുകയുണ്ടായി.

തന്റെ പാർട്ടിക്കാരനായ അച്ഛനോട് സംസാരിക്കാനാണ് മന്ത്രി ഇടപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. "അപ്പോഴേക്കും അപ്പുറത്തുള്ളവർ പലേടത്തുമെത്തിയിരുന്നു. ഈ മന്ത്രി അത് മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു"- മുഖ്യമന്ത്രി ഇത്രയുമാണ് കുഴപ്പത്തിൽ ദർശിക്കുന്നത്. കേസൊതുക്കാൻ പൊലീസിനെയൊന്നും വിളിച്ചിട്ടില്ലാത്ത മന്ത്രിയിലദ്ദേഹം തെറ്റ് കാണുന്നില്ല. പാർട്ടി പ്രവർത്തകനെ നേതാവായ മന്ത്രിക്ക് വിളിക്കാമെന്നതാണ് അദ്ദേഹത്തിന്റെ സാമാന്യയുക്തി. പീഡനക്കേസ് അതിന്റെ മെറിറ്റടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന ഉറപ്പ് നൽകി അദ്ദേഹം പ്രതിപക്ഷത്തെ സാന്ത്വനിപ്പിക്കാൻ നോക്കി.

യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് പരാതി നല്ല നിലയിൽ തീർക്കാൻ മന്ത്രി ഉപദേശിച്ചത് കേട്ട പ്രതിപക്ഷനേതാവ് വി.ഡി. സതീശനിൽ സ്വാഭാവിക സംശയമുണ്ടായി: "സ്ത്രീപീഡന പരിധിയിൽ വരുന്ന വിഷയം എങ്ങനെയാണ് നല്ല നിലയിൽ തീർക്കുന്നത്? അങ്ങനെയെങ്കിൽ സ്ത്രീപീഡനക്കേസുകളെല്ലാം ഒരു അദാലത്ത് വച്ച് തീർപ്പാക്കിക്കൂടേ?"

മുഖ്യമന്ത്രി വേട്ടക്കാർക്കൊപ്പമാണെന്ന് തീർച്ചപ്പെടുത്തിയ പ്രതിപക്ഷനേതാവ്, മന്ത്രി ഒരു നിമിഷം പോലും ഇവിടെയിരിക്കാൻ യോഗ്യനല്ലെന്നും വ്യക്തമാക്കി. മന്ത്രി അപ്പുറത്ത് തന്നെ ഇരുന്നുവെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയി ശൗര്യം തീർത്തു! ആദ്യദിവസം ഒരു സ്തംഭനം പ്രതീക്ഷിച്ചെത്തിയവർക്ക് അങ്ങനെ ഉള്ളതു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു!

പറഞ്ഞതൊന്നും പതിരായിപ്പോകരുതെന്ന് തീർച്ചപ്പെടുത്തി എല്ലാം പറയാനുറപ്പിച്ചെത്തിയ പ്രതിപക്ഷം നിയമസഭാ കൈയാങ്കളിക്കേസ് തൊട്ട് ന്യൂനപക്ഷ സ്കോളർഷിപ്പ് വരെ ചർച്ചാവേളയിൽ എടുത്തിട്ടു. മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന സംസ്ഥാന ഭരണത്തലവന്മാർ, മന്ത്രിമാർ, ആസ്ഥാന ഉദ്യോഗസ്ഥർ, നീതിന്യായനിർവഹണം എന്നീ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചയാവുമ്പോൾ അത് സ്വാഭാവികം. ന്യൂനപക്ഷ സ്കോളർഷിപ്പിൽ പക്ഷേ, ചില്ലറ അസ്തിത്വ പ്രതിസന്ധി പ്രതിപക്ഷനിരയിൽ ദർശിക്കാതിരുന്നില്ല. മുസ്ലിംലീഗുകാർ കടുപ്പിച്ച മട്ടിലായിരുന്നു. പുതിയ സ്കോളർഷിപ്പ് വിഭജന ഫോർമുലയ്ക്ക് ശേഷമുള്ള സംഗതികൾ അവരെ അവഹേളിക്കുന്നുവെന്ന പ്രതീതിയുണർത്തുന്നോ എന്നവർക്ക് തോന്നിപ്പോകുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി തൊട്ട് പി.കെ. ബഷീർ വരെയുള്ളവരുടെ പ്രതികരണങ്ങൾ അത് വെളിവാക്കി. കേരള കോൺഗ്രസിലെ മോൻസ് ജോസഫ് കക്ഷത്തിലുള്ളത് അവിടെയിരിക്കട്ടെ, ഉത്തരത്തിലേത് കൂടി പോരട്ടെയെന്ന മട്ടിൽ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, കുറവ് സംഭവിച്ചവർക്ക് അത് നികത്തിക്കൊടുക്കാൻ അടിയന്തരനടപടി ആവശ്യപ്പെടുകയുമുണ്ടായി! മുസ്ലിം വിദ്യാർത്ഥി സ്കോളർഷിപ്പ് കുറയ്ക്കരുത്, മറ്ര് ന്യൂനപക്ഷങ്ങൾക്ക് സെൻസസ് നോക്കി കൊടുക്കണം എന്ന ഏതാണ്ട് ഇമ്മട്ടിലുള്ള ഫോർമുല തന്നെ പ്രതിപക്ഷനേതാവും വച്ചു.

ചരിത്രപരമായ കാരണങ്ങളാൽ മലബാറിൽ മുസ്ലിങ്ങൾ വിറകുവെട്ടികളും വെള്ളംകോരികളുമായതിന്റെ കഥ വിവരിച്ച പി.കെ. ബഷീർ, മഴപെയ്തപ്പോൾ പോലും സ്കൂൾ വരാന്തയിൽ കയറി നിൽക്കാൻ യോഗ്യതയില്ലാതെ പോയ സ്വസമുദായത്തെയോർത്ത് തന്റെ പിതാവ് സീതിഹാജി നിയമസഭയിൽ 1980ൽ പരിതപിച്ചത് ഓർമ്മിപ്പിച്ചു.

സച്ചാർ കമ്മിറ്റിയെ ഇല്ലാതാക്കിയ ഏക സംസ്ഥാനം കേരളമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തു പറഞ്ഞാലും വർഗീയമായി കാണുന്ന ഭരണകക്ഷിയെ സാമുദായിക വിഭജനമുണ്ടാക്കുന്നവരായി അദ്ദേഹം വിലയിരുത്തി. ആർക്കും നഷ്ടമില്ലാതെ പ്രശ്നം പരിഹരിച്ചപ്പോൾ ലീഗ് ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നായിരുന്നു കെ.ടി. ജലീലിന്റെ സാരോപദേശം.

അനാവശ്യ തർക്കങ്ങളുയർത്തി സാമുദായിക സ്പർദ്ധയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രിയും നല്ല ശമരിയാക്കാരനായി.

പ്ലീഡർ നിയമനം, വിവരാവകാശ കമ്മിഷൻ, പി.എസ്.സി എന്നിവയ്ക്കായി ധനാഭ്യർത്ഥനയിൽ നീക്കിവച്ച വിഹിതം കണ്ടിട്ട് മാത്യു കുഴൽനാടൻ അന്തംവിട്ട് നില്പാണ്. മൂന്ന് കാര്യങ്ങൾക്കും വിഹിതം ലക്ഷങ്ങൾ. പക്ഷേ പുറത്ത് നിന്ന് വക്കീലന്മാർക്ക് വേറെ കോടികളും വിവരാവകാശരേഖ നൽകിയ ഉദ്യോഗസ്ഥയ്ക്ക് ശിക്ഷയും പി.എസ്.സി നിയമനത്തിന് വിലക്കുമാണത്രെ നിയോഗം.

കെ.എം. മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച് നാണമില്ലാതെ മാറ്റിപ്പറഞ്ഞുവെന്ന ആക്ഷേപഖഡ്ഗം പ്രതിപക്ഷനേതാവ് തൊട്ട് മോൻസ് ജോസഫ് വരെയുള്ളവർ മാണിഗ്രൂപ്പിനെ പരിക്കേല്പിക്കാനായി മറയില്ലാതെ പ്രയോഗിച്ചു. സുപ്രീംകോടതി രേഖയിൽ മാണിസാറിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞുനോക്കി. പക്ഷേ, ബഡ്ജറ്രവതരിപ്പിക്കാൻ മാണിസാറിന് കവചമൊരുക്കിയ ആ പഴയ പോരാട്ടമെടുത്തിട്ട് സംഗതി വൈകാരികമാക്കാനാണ് മോൻസ് ശ്രമിച്ചത്.

Advertisement
Advertisement