കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ സ്ഥാനമൊഴിയുന്നു?
Friday 23 July 2021 12:55 AM IST
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ അടുത്തയാഴ്ച രാജിവയ്ക്കുമെന്ന് സൂചന. സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ജൂലായ് 26ന് ശേഷം മുഖ്യമന്ത്രി പദത്തിലുണ്ടാകാൻ സാദ്ധ്യതയില്ലെന്ന് യെദിയൂരപ്പ സൂചിപ്പിച്ചു. മന്ത്രിസഭാ വാർഷിക ആഘോഷത്തിന് ശേഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദ്ദേശം എന്തു തന്നെയായാലും താൻ അനുസരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
തന്നോടാരും രാജി ആവശ്യപ്പെട്ടില്ലെന്നും എന്നാൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ തുടർ ഭരണം ഉറപ്പാക്കാൻ പാർട്ടി നിർദ്ദേശങ്ങൾ അനുസരിക്കുമെന്നും യെദിയൂരപ്പ വിശദീകരിച്ചു. ടൂറിസം മന്ത്രി സി.പി. യോഗേശ്വരയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എം.എൽ.എമാർ നേതൃമാറ്റം ആവശ്യപ്പെടുന്നുണ്ട്. തുടർന്ന് യെദിയൂരപ്പ ഡൽഹിയിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.