പ്രതീക്ഷയുടെ പാത തെളിഞ്ഞ് ടണൽ

Thursday 22 July 2021 11:57 PM IST

  • ടണലിന് മുകളിലെ കോൺക്രീറ്റിംഗ് പുരോഗമിക്കുന്നു

തൃശൂർ : ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷയുടെ പാത തെളിഞ്ഞ് ടണലിന്റെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. കാലവർഷം ചതിച്ചില്ലെങ്കിൽ 25 ന് തന്നെ ട്രയൽ റൺ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കരാർ കമ്പനിക്കാർ. സർക്കാർ പണി പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയവും അന്ന് അവസാനിക്കും.

ടണലിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിംഗ് 25 ശതമാനം പൂർത്തിയായി. ടണലിന്റെ രണ്ട് മുഖങ്ങൾക്ക് മുന്നിലും ടാറിംഗ് പുരോഗമിക്കുകയാണ്. തൃശൂർ ഭാഗത്ത് പത്ത് ശതമാനം ടാറിംഗ് മാത്രമാണ് പൂർത്തിയാകാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുന്നത് നിർമ്മാണ പ്രവർത്തനത്തിന്റെ വേഗത കുറച്ചിട്ടുണ്ടെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ദിവസവും മുന്നൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

സുരക്ഷാ സർട്ടിഫിക്കറ്റ് ഇന്ന് കൈമാറും

ഇന്ന് ടണലിനുള്ളിലേക്കുള്ള വൈദ്യുതി കണക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ട വൈദ്യുതി ഓഫീസിൽ നൽകിക്കഴിഞ്ഞു. ടണലിന് അഗ്‌നിശമന സേനയുടെ സുരക്ഷാനുമതി നൽകിയതിന്റെ രേഖകൾ ഇന്ന് ദേശീയപാത അധികൃതർക്കും ജില്ലാ ഭരണകൂടത്തിനും കൈമാറുമെന്ന് ഫയർ ഫോഴ്‌സ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തൃശൂർ , പാലക്കാട് ജില്ലകളിലെ ഫയർ ഫോഴ്‌സ് മേധാവികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ടണലിൽ ഏതെങ്കിലും സാഹചര്യത്തിൽ തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ തീ അണയ്ക്കുന്നതിന് 21 ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ടണലിലൂടെ യാത്ര ചെയ്യുമ്പോൾ ഓക്‌സിജൻ കിട്ടാതെ വന്നാൽ കാർബൺ മോണോക്‌സൈഡ് ഒഴിവാക്കാൻ 10 ജെറ്റ് ഫാനുകൾ സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് ലക്ഷം ലിറ്ററിന്റെ വെള്ളം സംഭരിക്കാവുന്ന ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കാമറകളും മറ്റും അടുത്ത ദിവസം പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കും.

എൽ.ഡി.എഫ് നേതാക്കൾ സന്ദർശിക്കും

കുതിരാൻ ടണൽ നിർമ്മാണ പ്രവർത്തനം വിലയിരുത്താനായി നാളെ രാവിലെ പത്തിന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സംഘം സന്ദർശനം നടത്തും. തുടർന്ന് അവസാനവട്ട വിലയിരുത്തലിനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജില്ലയിലെ മറ്റ് മന്ത്രിമാരും കൂടി സന്ദർശനം നടത്തിയേക്കും.

Advertisement
Advertisement