ഷാനി മനസ് സമർപ്പിച്ചപ്പോൾ താമര നൽകി സഹസ്രദളം!

Friday 23 July 2021 12:27 AM IST

ആലപ്പുഴ: ആമ്പലും താമരയുമൊക്കെ കുളത്തിലും തോട്ടിലും മാത്രമേ വിരിയുകയുള്ളോ? പലർക്കും സംശയം തോന്നാവുന്ന വിഷയം. കൈനകരി കുപ്പപ്പുറം പുഞ്ചരി ബിൽഡിംഗിൽ ഷാനിയുടെ വീട്ടിലെത്തിയാൽ സഹസ്രദളം താമരപ്പൂവ് ഉൾപ്പെടെ കാണാം, പ്ളാസ്റ്റിക് ബൗളുകളിൽ!
കൊവിഡ് കാലത്തെ അറിവാണ് ഷാനി (45) നടപ്പാക്കുന്നത്. സഹസ്രദള താമരപ്പൂവിന് 3000 രൂപയോളമുണ്ട്.

താമരപ്പൂവ്, വേര് തുടങ്ങിയവ ചർമ്മ രോഗങ്ങൾക്കും ഔഷധ ചേരുവകളായും ഉപയോഗിക്കുന്നുണ്ട്. സഹസ്രദള വിത്തിനുതന്നെ ആയിരത്തോളം രൂപയാവും. 12 ഇനങ്ങളിലുള്ള നൂറോളം താമരച്ചെടികളും ഏഴിനങ്ങളിലുള്ള 90 ആമ്പൽ ചെടികളും ഷാനിയുടെ വീട്ടിലെ മാത്രം കാഴ്ചകളാണ്. രണ്ട് മാസം മുമ്പ് നട്ടുപിടിപ്പിച്ച എട്ട് സഹസ്രദള താമരകളിൽ ഒന്ന് ആയിരം ഇതളുകളുമായി തിളങ്ങി നിൽക്കുന്നത് നാടിനുതന്നെ കൗതുകമായി. മകൾ അശ്വനി, സഹാദരിയുടെ മക്കളായ ലക്ഷ്മി, വിഷ്ണു, അമ്മ തങ്ക എന്നിവരാണ് താമരക്കൃഷിയിലെ സഹായികൾ.

കുപ്പപ്പുറം പുഞ്ചിരി ജെട്ടിക്ക് സമീപം കള്ള്ഷാപ്പ് നടത്തുകയായിരുന്നു ഷാനി. കൊവിഡ് കാലത്ത് ഷാപ്പ് അടച്ചപ്പോഴാണ് താമരക്കൃഷി ആലോചിച്ചത്. എറണാകുളം സ്വദേശി എൽദോരാജിൽ നിന്ന് കൃഷിരീതികൾ മനസിലാക്കി വിത്തുകൾ വാങ്ങി.

പൂക്കളിൽ താമരയോട് പ്രത്യേക താല്പര്യം ഉള്ളതിനാലാണ് താമരക്കൃഷി തിരഞ്ഞെടുത്തത്. സമൂഹമാദ്ധ്യമങ്ങൾ വഴിയും വിവരങ്ങൾ ശേഖരിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു. നാടൻ താമരപ്പൂവിന് 50 മുതൽ 100 രൂപ വരെയാണ് വിലയെങ്കിൽ മുന്തിയ ഇനം പൂവിന് 1000 മുതലാണ് വില.

ഇനങ്ങൾ

 സഹസ്രദളം, വസുകി, ലേഡീ ബിഗിൾ, റെഡ് ഫിലിപ്പ്, വൈറ്റ് പഫ്

 യെല്ലോ, പിങ്ക്, നാടൻ താമരകളും നീല,മഞ്ഞ, വെള്ള, ചുവപ്പ് ആമ്പലുകളും

പരിപാലനം

ചെളികലർന്ന മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ കലർത്തി പ്ളാസ്റ്റിക് ബൗളുകളിൽ പകുതിയോളം ഇടും. പേസ്റ്റ് പരുവത്തിന് ആവശ്യമായ ജലം ചേർക്കും. തുടർന്ന് ബൗളുകളുടെ വശം ചേർത്ത് താമരച്ചെടികളുടെ കിഴങ്ങോ മുളപ്പിച്ച ചെടിയോ നടും. ഇവയുടെ വളർച്ചയ്ക്ക് ആനുപാതികമായി ജലം ബൗളുകളിൽ ഒഴിച്ചു കൊടുക്കും. വേനൽക്കാലത്താണ് ധാരാളം പൂക്കളുണ്ടാകുന്നത്.

Advertisement
Advertisement