ഇന്റർനെറ്റ് തകരാർ: പ്രമുഖ ആപ്പുകൾ 'പണിമുടക്കി"

Friday 23 July 2021 3:04 AM IST

കൊച്ചി: ഇന്റർനെറ്റ് ശൃംഖയിലെ തകറാറിനെ തുടർന്ന് ഇന്നലെ ആഗോളതലത്തിൽ പ്രമുഖ കമ്പനികളുടെ വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും മണിക്കൂറുകളോളം നിശ്‌ചലമായി. ഇന്ത്യൻ സമയം രാത്രി 8.55ഓടെയാണ് തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 10.15ഓടെ പ്രശ്‌നം പരിഹരിച്ച് ആപ്പുകളും വെബ്‌സൈറ്റുകളും പൂർവസ്ഥിതിയിലെത്തി.

ഇന്റർനെറ്റിലെ കണ്ടന്റ് ഡിസ്‌ട്രിബ്യൂഷൻ നെറ്റ്‌വർക്കായ 'അകമായി ടെക്‌നോളജീസിന്റെ" സെർവറിലാണ് തകരാറുണ്ടായത്. അകമായി തന്നെയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതും. ഫേസ്ബുക്കിലും ട്വിറ്ററിലും ആപ്പുകളുടെ പ്രവർത്തനം നിലച്ചത് സംബന്ധിച്ച ആയിരക്കണക്കിന് പോസ്‌റ്റുകളും ട്വീറ്റുകളും പ്രത്യക്ഷപ്പെടുകയും ചെയ്‌തു. സൊമാറ്റോ, ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ, സോണി ലൈവ്, പേടിഎം, ആമസോൺ, സ്‌റ്റീം, ഡെൽറ്റ എയർലൈൻസ്, എയർ ബി.എൻ.ബി., ലോയിഡ്‌സ് ബാങ്ക്, ടി.എസ്.ബി ബാങ്ക്, എച്ച്.ബി.ഒ മാക്‌സ്, ബ്രിട്ടീഷ് എയർവെയ്സ്, വാൻഗാർഡ്, ഗോ ഡാഡി തുടങ്ങിയവയുടെ സേവനമാണ് ഇന്നലെ തടസപ്പെട്ടത്.

ഇന്ന് ഓഹരി വിപണിയിൽ (ബി.എസ്.ഇ സെൻസെക്‌സിലെ ബി ഗ്രൂപ്പിൽ) ആദ്യ ചുവടുവയ്ക്കാനിരിക്കേയാണ് പ്രമുഖ ഓൺലൈൻ ഭക്ഷണ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ആപ്പ്, ഇന്റർനെറ്റ് തടസംമൂലം ഇന്നലെ നിശ്‌ചമായത്. കഴിഞ്ഞദിവസം നടന്ന 9,375 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയിൽ സൊമാറ്റോ ഓഹരികൾക്ക് 38.25 മടങ്ങ് സബ്സ്‌ക്രിപ്‌ഷൻ (വാങ്ങൽ താത്പര്യം) ലഭിച്ചിരുന്നു.

Advertisement
Advertisement