ശക്തമായ മഴയ്ക്കു സാദ്ധ്യത;ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Friday 23 July 2021 2:51 AM IST

തിരുവനന്തപുരം:ശക്തമായ മഴ പെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലി മീറ്റർ മഴ പെയ്യാനാണ് സാദ്ധ്യത. ഇതു മുൻനിറുത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.ശക്തമായ മഴയെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരോട് സഹകരിക്കണം. തീരപ്രദേശത്തു കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.ആവശ്യമെങ്കിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെക്കരുതി മാറിത്താമസിക്കാൻ തയ്യാറാകണം. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.മരങ്ങൾ കോതി ഒതുക്കണം.അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടുന്ന ഘട്ടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

Advertisement
Advertisement