കനത്ത മഴയിൽ വിറങ്ങലിച്ച് മഹാരാഷ്‌ട്ര; മുംബയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
മുംബയ്: മൺസൂൺ മഴ ശക്തമായ മഹാരാഷ്‌ട്രയിൽ വ്യാപകമായി അപകടങ്ങൾ. മുംബയ് നഗരത്തിൽ ഗോവന്ദി മേഖലയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയിൽ തകർന്ന് വീണ് മൂന്ന് പേർ തൽക്ഷണം മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ ചിലരുടെ നില അതീവഗുരുതരമാണ്. ബൃഹത് മുംബയ് കോർപറേഷൻ അധികൃതരും അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബയ് ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ വിഭാഗം പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പല ഭാഗത്തും വെളളം പോകാനുളള വഴിയടഞ്ഞതോടെ വെളളക്കെട്ടും രൂക്ഷമാണ്.
മുംബയ്‌ക്ക് പുറമേ രത്നഗിരി, കോലാപൂർ, സതാര ജില്ലകളിലും കനത്ത നഷ്‌ടമാണ്. റായ്‌ഗഡിൽ അഞ്ചുപേർ മഴക്കെടുതിയിൽ മരിച്ചു.മണ്ണിടിച്ചിലിനെ തുടർന്ന് അപകടമുണ്ടായ ഇവിടെ 15 പേരെ രക്ഷിച്ചെന്നും 30 പേരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ലഭ്യമായ വിവരം.
കൊങ്കൺ പാതയിൽ മഴക്കെടുതിയെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണിൽ വിളിച്ച് അന്വേഷിച്ച് വിലയിരുത്തി. പലയിടത്തും നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ നാശനഷ്‌ടമുണ്ടായി. കോടാവലി, ജഗ്ബുദി, വഷിഷ്‌ടി,ഭാവ് നദികളെല്ലാം അപകട നിലയ്‌ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് മഴയ്‌ക്ക് പുറമേ 70 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.