നിസാര കാര്യങ്ങൾക്കു പോലും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വഭാവക്കാരി, സെസി വ്യാജ അഭിഭാഷകയാണെന്ന വിവരം നാട്ടുകാർ ആഘോഷിച്ചത് പടക്കം പൊട്ടിച്ച്
ആലപ്പുഴ: ആലപ്പുഴ ബാർ അസോസിയേഷനിലെ 'വ്യാജ അഭിഭാഷക' കുട്ടനാട് രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യർ (27) കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ, ജാമിമില്ലാ വകുപ്പു കൂടി പൊലീസ് ചേർത്തതറിഞ്ഞ് നാടകീയമായി മുങ്ങി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സെസി അഭിഭാഷകനൊപ്പം എത്തിയത്. ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യം ലഭിക്കാവുന്ന 417, 419 വകുപ്പുകൾ മാത്രം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കോടതി നടപടികൾ പുരോഗമിക്കവേയാണ് വഞ്ചനാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പായ 420 പ്രകാരം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.
ഇതോടെ സെസിയുടെ അഭിഭാഷകൻ ബിന്ദുരാജ് ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. ഉടൻ പിൻവശത്തെ വാതിൽ വഴി പുറത്തിറങ്ങിയ സെസി എല്ലാവരുടെയും കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്ന് സെസിയുടെ അഭിഭാഷകർ പറഞ്ഞു.
കഴിഞ്ഞദിവസം ബാർ അസോസിയേഷനിൽ ഊമക്കത്ത് വന്നതോടെയാണ് സെസി സേവ്യർക്ക് അഭിഭാഷകയാകാനുള്ള യോഗ്യതയില്ലെന്ന് വ്യക്തമായത്. 2018 മുതൽ സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അസോസിയേഷൻ വിശദീകരണം ആവശ്യപ്പെട്ടതോടെ ഒളിവിൽപ്പോയി. ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് സോമൻ നൽകിയ പരാതിയിലാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.
എൽ.എൽ.ബി പരീക്ഷ പാസാകാത്ത സെസി 2018ലാണ് വ്യാജ എൻറോൾമെന്റ് നമ്പർ നൽകി അസോസിയേഷൻ അംഗത്വമെടുത്തത്. ജില്ലാ കോടതിയിൽ ഉൾപ്പെടെ നടപടികളിൽ പങ്കെടുക്കുകയും ഒട്ടെറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോവുകയും ചെയ്തിരുന്നു. കോടതി നടപടിക്രമങ്ങൾ മനസിലാക്കുന്നതിന്റെ ഭാഗമായി പത്ത് ദിവസത്തോളം രാമങ്കരി കോടതിയിലും സെസി എത്തിയിരുന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലൈബ്രേറിയനായി 220ൽ 212 വോട്ട് നേടിയാണ് സെസി വിജയിച്ചത്.
വരവിൽ കവിഞ്ഞ ആഡംബരം
ഓട്ടോറിക്ഷയിൽ പച്ചക്കറി വില്പന നടത്തുന്നയാളാണ് സിസിയുടെ പിതാവ്. അമ്മയും ഹോട്ടലിൽ ജോലി ചെയ്യുന്ന സഹോദരനും വിവാഹിതയായ സഹോദരിയും അടങ്ങുന്നതാണ് അവിവാഹിതയായ സിസിയുടെ കുടുംബം. ആഡംബര ജീവിതമാണ് സെസി നയിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികളുമായി നിസാര കാര്യങ്ങൾക്കു പോലും വഴക്കിടുകയും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവക്കാരിയാണെന്നും ആക്ഷേപമുണ്ട്. ഒരാഴ്ച മുമ്പുവരെ സെസി വീട്ടിലുണ്ടായിരുന്നു. വ്യാജ അഭിഭാഷകയാണെന്ന വിവരം പുറത്ത് വന്നതോടെ പ്രദേശവാസികൾ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.