കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഇ ഡി അന്വേഷിക്കും; 300 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തൽ

Friday 23 July 2021 11:37 AM IST

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ഇ ഡിയുടെ പ്രാഥമികവിവരശേഖരണം പൂര്‍ത്തിയായി. കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് ഇ ഡി അന്വേഷിക്കാന്‍ തീരുമാനിച്ചത്.

300 കോടിയിലധികം രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്തുകയും പണം ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഡി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുള്ള ബാങ്ക് ജീവനക്കാരും പ്രസിഡന്‍റും അടക്കമുള്ളവരെ ഇ ഡിയും പ്രതിചേര്‍ത്തേക്കും. കുറ്റകൃത്യത്തിന്‍റെ ഭാഗമായ പണസമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.