പെഗസസ് വിഷയത്തിൽ ഇന്നും സഭകൾ പ്രക്ഷുബ്‌ദം; തൃണമൂൽ എം‌ പിയെ സസ്‌പെൻഡ് ചെയ്‌തു, നടപടി ഐ ടി മന്ത്രിക്ക് നേരെ പ്രസ്‌താവന കീറിയെറിഞ്ഞതിന്

Friday 23 July 2021 12:04 PM IST

ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ, ഇമെയിൽ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്‌ദമായി. പ്രശ്‌നത്തിൽ പാർലമെന്റ് സഭകൾ സ്‌തംഭിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്.

വ്യാഴാഴ്‌ച രാജ്യസഭയിൽ പ്രതിഷേധത്തിനിടെ ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് നൽകിയ വിശദീകരണങ്ങൾ അടങ്ങിയ പ്രസ്‌താവന കീറിയെറിഞ്ഞതിന് തൃണമൂൽ കോൺഗ്രസ് എം.പി ശന്തനു സെനിനെ സസ്പെൻഡ് ചെയ്‌തു. പാർലമെന്റിന്റെ മൺസൂൺ സെഷൻ കഴിയുന്നത് വരെയാണ് സസ്പെൻഷൻ. പ്രതിപക്ഷ എം.പിമാർ പ്രതിഷേധം നടത്തുന്നതിനിടെയാണ് മന്ത്രിയെ ലക്ഷ്യമാക്കി സെൻ പ്രസ്ഥാവന കീറിയെറിഞ്ഞത്.

അതേസമയം ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം പ്രധാനമന്ത്രി രാജ്യത്തിനെതിരെ ഉപയോഗിച്ചെന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സ‌ർക്കാർ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ചെന്നും സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

മുന്നൂറിലധികം ഫോൺ നമ്പരുകളാണ് ഇത്തരത്തിൽ ചോ‌ർന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ,​ ആക്‌ടിവിസ്‌റ്റുകൾ,​ മാദ്ധ്യമ പ്രവർത്തകർ മുതൽ കേന്ദ്രമന്ത്രിമാരുടെ വരെ ഫോൺ വിവരങ്ങൾ ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ചോർന്നതാണ് വിവരം. സംഭവത്തിൽ കേന്ദ്രം നൽകിയ വിശദീകരണം പ്രതിപക്ഷ പാർട്ടികൾ മുഖവിലയ്‌ക്കെടുത്തിട്ടില്ലാത്തതിനാൽ പ്രതിഷേധം തുടരുകയാണ്.

Advertisement
Advertisement