തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ മുരുഗനേക്കാൾ നല്ലൊരു ചോയിസ് ഇല്ലെന്ന് മോദിക്കറിയാം, കേന്ദ്രമന്ത്രിയുടെ കുടുംബം തന്നെ അതിന് തെളിവ്

Friday 23 July 2021 12:56 PM IST

ചെന്നൈ: ഇക്കഴിഞ്ഞ കേന്ദ്രമന്ത്രിസഭ പുനസംഘനടനയിൽ തമിഴ്‌നാടിന് ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുകയുണ്ടായി. ബിജെപിയുടെ തമിഴ്‌നാട് അദ്ധ്യക്ഷൻ ഡോ. എൽ മുരുഗൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യപ്രകാരം കേന്ദ്ര സഹമന്ത്രി പദവിയിലേക്കെത്തിയത്. എന്നാൽ മകന്റെ മന്ത്രിപദവിയൊന്നും പിതാവ് ലോകനാഥത്തെയോ മാതാവ് വരദമ്മാളിന്റെയോ ജീവിതത്തിൽ അൽപം പോലും മാറ്റം കൊണ്ടുവന്നിട്ടില്ല. എന്നത്തേയും പോലെ പാടത്ത് പണിയെടുത്താണ് ഇരുവരും ജീവിക്കുന്നത്.

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിൽ നിന്ന് 15 കിമീ അകലെ കോനൂര്‍ ഗ്രാമത്തിലാണ് മുരുഗന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ആസ്ബെസ്റ്റോസ് ഷീറ്റ് മേഞ്ഞ ഗ്രാമത്തിലെ ചെറിയ വീട്ടിലാണ് താമസം. ജില്ലയിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നിയമപഠനത്തിനായി മുരുഗൻ ചെന്നൈയിലേക്ക് വരികയായിരുന്നു.2020 മാര്‍ച്ചിലാണ് മുരുഗന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. തുടർന്നാണ് മന്ത്രിസഭ പുനഃസംഘടനയിലൂടെ കേന്ദ്ര സഹമന്ത്രി സ്ഥാനം തേടിയെത്തിയത്.

സന്തോഷ വിവരം മുരുകന്‍ ഫോണിലൂടെ പങ്കു വച്ചപ്പോള്‍ ഇരുവരും ചോദിച്ചത് മുന്‍പത്തെ പദവിയേക്കാള്‍ വലിയ പദവിയാണോയെന്നാണ്. "മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചുവെന്ന് മുരുകന്‍ വിളിച്ചു പറഞ്ഞു. മുരുകന്‍ എന്ത് പദവിയാണ് വഹിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. വലിയ പദവിയാണെന്ന് മാത്രമറിയാം." മകന്‍റെ നേട്ടത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് വരദമ്മാള്‍ പറഞ്ഞു.

ഞങ്ങളോട് പാടത്ത് പണിയെടുക്കേണ്ടെന്നും അവന്‍റെ കൂടെ ചെന്നൈയില്‍ വന്ന് താമസിക്കാനും നിര്‍ബന്ധിക്കുന്നുണ്ട്. ആറ് മാസം കൂടുമ്പോള്‍ ഞങ്ങള്‍ അവന്‍റെ കൂടെ പോയി താമസിക്കും." എന്നാല്‍ നഗരത്തിന്‍റെ തിരക്കുമായി ഒത്തു പോകാനും നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയാനും ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മകന്‍ കേന്ദ്ര മന്ത്രിയായിട്ടും ഇനിയും എന്തിനാണ് കഷ്ടപ്പെടുന്നെന്ന ചോദ്യത്തിന് ഇരുവര്‍ക്കും കൃത്യമായ മറുപടിയുണ്ട്. "മുരുകന്‍ സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ടാണ് ഉയരങ്ങളില്‍ എത്തിയത്. ഞങ്ങള്‍ക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഞങ്ങള്‍ അദ്ധ്വാനിച്ച് തന്നെ ജീവിക്കും."