ഇനിയും വന്നാൽ  തിരിച്ചടിക്കും, അമിത്ഷായുടെ മുന്നറിയിപ്പിന് പിന്നാലെ എത്തിയ ചൈനീസ് ഡ്രോൺ ആകാശത്ത് ചിന്നിച്ചിതറി

Friday 23 July 2021 1:00 PM IST

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൈനീസ് നിർമ്മിതമായ ഡ്രോണാണ് ഭീകരർ ഉപയോഗിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് സത്വാരിയിൽ നിന്നും സംശയാസ്പദമായ നിലയിൽ മറ്റൊരു ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജൂൺ അവസാനം ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യ മുൻകരുതലുകൾ ശക്തമാക്കിയത്.

രാജ്യ തലസ്ഥാനത്ത് ഡ്രോണുകളെ കൈകാര്യം ചെയ്യുന്നതിന് എൻ എസ് ജി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അതിർത്തിയിലും ലഭ്യമാക്കുകയാണ് ആദ്യ നടപടിയായി കൈക്കൊണ്ടത്. ഇതോടെയാണ് ഡ്രോണുകൾ ഇന്ത്യൻ ആകാശത്ത് പ്രവേശിക്കുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകാനാവുന്നത്.

ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ തദ്ദേശീയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പുറമേ നമ്മുടെ അതിർത്തികളെ ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും അമിത് ഷാ പാകിസ്ഥാന് നൽകിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ആയുധ കടത്ത് നിരവധി തവണ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 16 എകെ 47 റൈഫിളുകൾ, 3 എം 4 റൈഫിളുകൾ, 34 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 18 ഐഇഡികൾ, 4 ലക്ഷം രൂപ എന്നിവ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടത്തുന്നതിനിടെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.