ഒക്ടോബർ വരെ ഡൽഹിയ്ക്ക് നിർണായകം: നീതി ആയോഗ്

Saturday 24 July 2021 12:31 AM IST

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് കൊവിഡ് കേസുകളിൽ വർദ്ധനവിന് കാരണമാകുമെന്നതിനാൽ അടുത്ത മൂന്ന് മാസം ഡൽഹിയെ സംബന്ധിച്ച് നിർണായകമാണെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ.

ഡൽഹിയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് കേന്ദ്രവുമായി ആലോചിക്കണമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ വി.കെ.പോൾ ശുപാർശ ചെയ്തു.

''പോസിറ്റിവിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും അൺലോക്ക് നടപടി കേസുകളുടെ വർദ്ധനവിന് കാരണമാകും. അടുത്ത മൂന്ന് മാസം പ്രധാനമാണ്, നമ്മൾ ജാഗരൂകരായിരിക്കണം.' - അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ കഠിനമാകാൻ സാദ്ധ്യതയില്ലന്ന് ഐ.സി.എം.ആർ. അംഗം ഡോ. സാമ്രിയൻ പാണ്ഡ ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ പറഞ്ഞു.

കൊറോണ വൈറസിന്റെ കൂടുതൽ വ്യാപനശേഷിയുള്ള ഏതെങ്കിലും വകഭേദം വരികയും മതിയായ ലോക്ക്ഡൗൺ നടപടികളുടെ അഭാവവും ഉണ്ടായാൽ മാത്രമേ മൂന്നാമത്തെ തരംഗത്തിന് സാദ്ധ്യതയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ മുതൽ ലോക്ക്ഡൗണിലായിരുന്ന ഡൽഹിയിൽ മേയ് 31ന് ഘട്ടംഘട്ടമായി അൺലോക്ക് പ്രക്രിയ ആരംഭിച്ചു. ഏപ്രിൽ 20 ന് ഡൽഹിയിൽ 28,395 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 22 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനത്തിലധികമായി ഉയർന്നിരുന്നു. എന്നാൽ ഇന്നലെ ആകെ റിപ്പോർട്ട് ചെയ്തതത് 58 കേസുകൾ മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.09 ശതമാനമായി കുറഞ്ഞു.