കൊടകര കുഴൽപ്പണ കേസ് : ചോദ്യം ചെയ്തത് 300 ഓളം പേരെ

Friday 23 July 2021 10:49 PM IST

തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തത് മുന്നൂറോളം പേരെ. ആദ്യം കൊടകര പൊലീസും പിന്നീട് ചാലക്കുടി ഡിവൈ.എസ്.പിയും അന്വേഷിച്ച കേസ് മേയ് പത്തിനാണ് പ്രത്യേക സംഘം അന്വേഷിച്ച് തുടങ്ങിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, മേഖലാ ജനറൽ സെക്രട്ടറി കാശിനാഥൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി നേതാക്കളെ ചോദ്യം ചെയ്തു. ബി.ജെ.പിക്കെതിരെ മറ്റ് പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കിയ വിഷയമായിരുന്നു ഇത്. എന്നാൽ കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പി നേതാക്കളെയെല്ലാം സാക്ഷികളാക്കുകയായിരുന്നു പൊലീസ്. കുറ്റപത്രത്തിൽ കുഴൽപ്പണവുമായി ബന്ധപ്പെട്ട് പ്രതികൂല പരാമർശങ്ങളുണ്ടെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ബി.ജെ.പിക്ക് അത് രാഷ്ട്രീയമായി ആശ്വാസമാകും. തുടരന്വേഷണം ഇ.ഡിയും ആദായനികുതി വകുപ്പും നടത്തണമെന്ന ആവശ്യവും കോടതിയിൽ അന്വേഷണ സംഘം മുന്നോട്ടുവച്ചിട്ടുണ്ട്.
റേഞ്ച് ഐ.ജി. അക്ബറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി എം.ജെ. സോജൻ, തൃശൂർ എ.സി.പി വി.കെ. രാജു എന്നിവരാണുള്ളത്. ഇവർക്ക് പുറമേ സി.ഐ മാരായ പി.പി ജോയി, ബെന്നി വർഗീസ്, എസ്.ഐ.മാരായ സിനോജ്, ബെനഡിക്ട്, ബിനൻ, എ.എസ്.ഐമാരായ അനിൽ, രാജീവ്, സതീശൻ, സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥരായ ബിന്ദു, വിനോദ് ശങ്കർ, പൊലീസുകാരായ ജെറിൻ, ശ്രീജിത്ത് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനായതും മുഴുവൻ പ്രതികളെയും പിടികൂടാനായതും അന്വേഷണ സംഘത്തിനും നേട്ടമായി. ജിഷ, കൂടത്തായി കേസുകളിൽ സ്‌പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന എൻ.കെ. ഉണ്ണിക്കൃഷ്ണനാണ് കൊടകര കുഴൽപ്പണ കേസിലും സ്‌പെഷ്യൽ പ്രൊസിക്യൂട്ടർ.

കൊടകര കുഴൽപ്പണ കവർച്ച കേസ്

ആകെ പണം

3.5 കോടി

പിടിച്ചെടുത്തത് 1.10 കോടി

സ്വർണ്ണാഭരണങ്ങൾ 40 ലക്ഷം

പ്രതികൾ

22 പേർ

സാക്ഷികൾ 219 പേർ

കുറ്റപത്രം സമർപ്പിച്ചതോടെ സി.പി.എമ്മും പൊലീസും ബി.ജെ.പിക്കെതിരെ പ്രചരിപ്പിച്ച നുണക്കഥകൾ പൊളിഞ്ഞു. ബി.ജെ.പിയുടെ ഒരു പ്രവർത്തകൻ പോലും കേസിൽ പ്രതിയല്ല. ജാള്യം മറക്കാനാണ് പണം ബി.ജെ.പിയുടേതാണെന്ന് സംശയിക്കുന്നുവെന്ന് കുറ്റപത്രത്തിൽ മന:പൂർവ്വം കൂട്ടിച്ചേർത്തത്. ആരോപണമുന്നയിച്ചവർ തെറ്റുതിരുത്തി മാപ്പു പറയണം.

അഡ്വ. കെ.കെ. അനീഷ് കുമാർ
ജില്ല പ്രസിഡന്റ്

Advertisement
Advertisement