സിക്ക വൈറസ്; ജാഗ്രതാ നിർദ്ദേശം

Friday 23 July 2021 10:52 PM IST

തൃശൂർ: സംസ്ഥാനത്ത് ഒന്നിലധികം ജില്ലകളിൽ സിക്ക വൈറസ് രോഗം സ്ഥീരികരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിഭാഗം നൽകുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ അസുഖങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്ക വൈറസ് രോഗം പരത്തുന്നത്. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകളുടെ പകൽ സമയത്തുളള പ്രത്യേകിച്ചും പ്രഭാതങ്ങളിലും, സന്ധ്യാസമയങ്ങളിലുമുളള കടിയേൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരായ വ്യക്തികളിൽ നിന്നും രക്തം സ്വീകരിക്കുക വഴിയോ, ലൈംഗിക ബന്ധത്തിലൂടെയോ സിക്ക വൈറസ് രോഗം പകരാൻ സാദ്ധ്യതയുണ്ട്. അമ്മയിൽ നിന്നും ഗർഭസ്ഥ ശിശുവിലേയ്ക്കും വൈറസ് ബാധ ഏൽക്കാനിടയുണ്ട്.

ലക്ഷണവും ചികിത്സയും


പനി, തിണർപ്പ്, കണ്ണിൽ ചുവപ്പ്, പേശികളിലും സന്ധികളിലും വേദന, തലവേദന, ക്ഷീണം എന്നിവയെല്ലാം ലക്ഷണങ്ങൾ ആണ്.

മൂന്ന് മുതൽ 14 ദിവസം വരെയാണ് വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വരെയുളള കാലയളവ്. അതിനുശേഷം രണ്ട് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ കാണിക്കും. വേദനയ്ക്കും പനിക്കുമുളള മരുന്നുകൾ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക ഇവയിലൂടെ രോഗം ഭേദമാകും.

ജാഗ്രത


വീടും പരിസരവും സ്ഥാപനങ്ങളും വെളളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം ഒഴിവാക്കുക. രോഗബാധിത പ്രദേശങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യുക. രോഗ ലക്ഷണം ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകുക.

Advertisement
Advertisement