സീറ്റില്ല; എ പ്ലസുകാരും നെട്ടോട്ടമോടും

Saturday 24 July 2021 12:00 AM IST

എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഒക്കെയുണ്ട്. എന്നാൽ പ്ലസ്‌ വ‌ണ്ണിന് ആഗ്രഹിച്ച കോഴ്‌സെടുത്ത് പഠിക്കണമെങ്കിൽ ഭാഗ്യം കൂടി വേണം. പ്ലസ്‌ വൺ സീറ്റുകളുടെ വൻ കുറവ് മൂലം മലപ്പുറം ജില്ലയിലെ മിടുമിടുക്കരായ കുട്ടികളുടെ പോലും അവസ്ഥ ഇതാണ്. 18,970 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. മലപ്പുറത്ത് സയൻസ് വിഷയത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലുള്ളത് 17,600 മെറിറ്റ് സീറ്റുകൾ മാത്രം. സയൻസ് വിഷയത്തിന്റെ മാത്രം കാര്യമല്ല ഇത്. ജില്ലയിൽ 75,554 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചപ്പോൾ പ്ലസ്‌വൺ മെറിറ്റ് സീറ്റുകളുടെ എണ്ണം 44,740 മാത്രമാണ്. പണം മുടക്കി പഠിക്കേണ്ട അൺ എയ്ഡഡ് സീറ്റുകൾ കൂടി കൂട്ടിയാലും ആകെ സീറ്റുകളുടെ എണ്ണം 56,015 എണ്ണം മാത്രം. അതായത് എസ്.എസ്.എൽ.സി വിജയിച്ച 19,539 കുട്ടികൾക്ക് പ്ലസ്‌വൺ പഠനത്തിന് അവസരമില്ല. ഇതിനു പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ നിന്നുള്ള കുട്ടികൾ കൂടിയാവുന്നതോടെ എണ്ണം ഇനിയും കൂടും. കാലങ്ങളായി മലപ്പുറം അനുഭവിക്കുന്ന പ്രശ്നം ഇത്തവണ കൂടുതൽ രൂക്ഷമാവും. എസ്.എസ്.എൽ.സിയിൽ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാണിത്. മുഴുവൻ എ പ്ലസ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ഇടത്,​ വലത് വ്യത്യാസമില്ലാതെ സർക്കാരുകളൊന്നും പ്ലസ്‌വൺ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമം നടത്താത്തതാണ് കുട്ടികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്.

നിറഞ്ഞ് കവിഞ്ഞ് ക്ലാസ് മുറികൾ
പ്ലസ്‌വൺ സീറ്റിന്റെ വലിയ കുറവ് കാലങ്ങളായി മലപ്പുറം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഏകജാലകം വഴി ജില്ലയിലെ 81,000ത്തോളം കുട്ടികൾ പ്ലസ്‌വണ്ണിന് അപേക്ഷിച്ചപ്പോൾ 30,​000 പേർക്ക് മെറിറ്റ് സീറ്റ് കിട്ടിയില്ല. ഇതിൽ 19,437 കുട്ടികൾ സ്‌കോൾ കേരള വഴി ഓപ്പൺ സ്കൂളിൽ പ്ലസ്ടുവിന് അപേക്ഷിക്കുകയാണ് ചെയ്തത്. സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്രത്യേക ഉത്തരവിലൂടെ മാർജിനൽ വർദ്ധന നടത്തുകയാണ് കാലങ്ങളായി ചെയ്യുന്നത്. ഇതുവഴി ഓരോ ബാച്ചിലും 15 സീറ്റുകൾ വരെ കൂടിയിട്ടുണ്ട്. സീറ്റുകൾ വർദ്ധിപ്പിച്ചപ്പോൾ ഒരു ക്ലാസിൽ 65 കുട്ടികളെന്ന നിലയിലേക്കെത്തി. ഇടുങ്ങിയ ക്ലാസ് മുറികളിൽ ബെഞ്ചും ഡെസ്‌ക്കും ഇടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കുട്ടികളെ കുത്തിനിറച്ചുള്ള ക്ലാസ് മുറികളിൽ പഠനവും ഏറെ കഠിനമാണ്. സർക്കാർ സ്‌കൂളുകളിലെ അവസ്ഥയാണ് ഏറെ പരിതാപകരം. 50ൽ താഴെ കുട്ടികൾക്ക് മാത്രം പഠിക്കാൻ സൗകര്യമുള്ള ക്ലാസ് മുറികളിൽ ഇത്രയധികം കുട്ടികൾ പഠിക്കേണ്ടി വരുമ്പോൾ അവരുടെ അക്കാഡമിക പ്രവർത്തനങ്ങളെയും നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വേണ്ടത് പുതിയ ബാച്ചുകൾ
ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ കൂടുതൽ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുന്നതിലൂടെ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരം കാണാം. ജില്ലയിലെ മിക്ക ഹയർ സെക്കന്ററി സ്‌കൂളുകളിലും രണ്ട് ബാച്ച് വീതമാണുള്ളത്. ഹ്യൂമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് കുറവാണ്. 20 സർക്കാർ ഹൈസ്‌കൂളുകളിൽ ഹയർസെക്കന്ററി ബാച്ചുകളുമില്ല. പ്രവേശന നടപടികൾ തുടങ്ങും മുൻപെ ഇവിടങ്ങളിൽ പുതിയ ഹയർസെക്കന്ററികൾ തുടങ്ങേണ്ടത് അനിവാര്യമാണ്. അൺഎയ്ഡസ് സ്‌കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചാൽ അത് കച്ചവടത്തിനുള്ള അവസരമാക്കി മാറ്റാൻ സാദ്ധ്യതയുണ്ടെന്ന ആക്ഷേപവും നിലനില്‌ക്കുന്നുണ്ട്. സർക്കാർ സ്‌കൂളുകളിൽ കൂടുതൽ ബാച്ചുകളും പുതിയ ഹയർ സെക്കന്ററികളുടെ പ്രഖ്യാപനത്തിലൂടെയും ഇതും മറികടക്കാനാവും. സർക്കാർ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതി വഴി വിവിധ സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ സൗകര്യങ്ങളും കൊണ്ടുവരാനായിട്ടുണ്ട്. ജില്ലയിലെ മിക്ക സ്‌കൂളുകളിലും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സ്ഥല സൗകര്യവുമുണ്ട്. പ്രവേശന നടപടികൾക്ക് മുമ്പെ പുതിയ ബാച്ചുകൾ പ്രഖ്യാപിച്ചാൽ മാത്രമേ കുട്ടികൾക്ക് ഉപകാരപ്പെടൂ. അലോട്ട്‌മെന്റുകൾ പാതിവഴിയിൽ എത്തിയ ശേഷം ബാച്ചുകളും അധിക സീറ്റുകളും പ്രഖ്യാപിക്കുന്ന പതിവ് മൂലം അർഹരായ കുട്ടികൾക്ക് അതിന്റെ ഗുണം ലഭിക്കാറില്ല.


ജില്ലയിലെ ഹയർസെക്കന്ററി സ്‌കൂളുകൾ
ആകെ - 248
സർക്കാർ - 85
എയ്ഡഡ് - 88
അൺ എയ്ഡഡ് - 69

സീറ്റുകൾ
മെറിറ്റ് - 41,950
നോൺ മെറിറ്റ് (അൺ എയ്ഡഡ്) - 11,275

ആകെ - 53,225

കോഴ്സ്


സയൻസ്
മെറിറ്റ് സീറ്റുകൾ - 17,600
അൺ എയ്ഡഡ് - 4,686
ആകെ- 22,286

കൊമേഴ്സ്
മെറിറ്റ് സീറ്റ് - 13,850
അൺ എയ്ഡഡ് - 4,089
ആകെ - 17,939

ഹ്യൂമാനിറ്റീസ്
മെറിറ്റ് സീറ്റുകൾ - 10,500
അൺ എയ്ഡഡ് - 2,500
ആകെ - 13,000

വി.എച്ച്.എസ്.ഇ
സ്‌കൂളുകൾ - 27
സർക്കാർ - 24
എയ്ഡഡ് - 3
ആകെ സീറ്റുകൾ - 2,790

Advertisement
Advertisement