ജന്തർമന്തറിൽ കർഷക പ്രതിഷേധം തുടരുന്നു

Saturday 24 July 2021 12:59 AM IST

ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ രണ്ടാം ദിവസത്തെ പാർലമെന്റ് മാർച്ച് ഡൽഹി ജന്തർമന്തറിൽ ഇന്നലെ അരങ്ങേറി. കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷുബ്ധമായ കിസാൻ പാർലമെന്റ് ഒടുവിൽ കൃഷി മന്ത്രിയുടെ രാജിയിൽ സമാപിക്കുന്നത് കർഷകർ ആവിഷ്‌കരിച്ചു. ഇരുനൂറ് കർഷകരാണ് ഇന്നലെയും സിംഘു അതിർത്തിയിൽ നിന്ന് ജന്തർമന്തറിലെ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തത്. തലയെണ്ണി പരിശോധിച്ചായിരുന്നു കർഷകരെയും നേതാക്കളെയും സമരസ്ഥലത്തേക്ക് കടത്തിവിട്ടത്.

പാർലമെന്റ് സമ്മേളിക്കുന്ന 13 വരെ കിസാൻ പാർലമെന്റും മാർച്ചും തുടരാനാണ് തീരുമാനം. കാർഷിക നിയമങ്ങൾക്കെതിരെ എട്ടുമാസത്തോളമായി ഡൽഹി അതിർത്തികളിൽ തുടരുന്ന സമരം പൊലീസ് കവചത്തിലാണെങ്കിലും പാർലമെന്റിന് അരികിലേക്ക് എത്തിക്കാൻ കർഷകർക്ക് സാധിച്ചു. സമരം റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്. ദൃശ്യങ്ങൾ പകർത്താൻ കുറച്ച് സമയം മാത്രമെ മാദ്ധ്യമങ്ങൾക്ക് സമരവേദിക്ക് അരുകിലേക്ക് പോകാനാകൂ. നിയന്ത്രണങ്ങൾ ഒരുപാടുണ്ടെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കാനായി നടത്തുന്ന സമാധാന സമരത്തിന് ഒന്നും തടസ്സമല്ലെന്ന് കർഷകർ വ്യക്തമാക്കി.ഇതിനിടെ ഇന്നലെ കർഷകരെ തെമ്മാടികളെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മീനാക്ഷി ലേഖി വ്യക്തമാക്കി.

Advertisement
Advertisement