കൊവിഡ് പ്രതിരോധത്തിൽ സജീവമായി ഭാരതീയ ചികിത്സാ വകുപ്പ്

Saturday 24 July 2021 12:43 AM IST

ആലപ്പുഴ : ജില്ലയിൽ കൊവിഡ്-19 മഹാമാരിയുടെ പ്രതിരോധത്തിനും കാറ്റഗറി 'എ' വിഭാഗത്തിൽപ്പെട്ട കൊവിഡ്‌ രോഗികളുടെ ചികിത്സയ്ക്കും വിവിധ പദ്ധതികൾ നടപ്പാക്കി ഭാരതീയ ചികിത്സാ വകുപ്പ് . കാറ്റഗറി 'എ' വിഭാഗം കൊവിഡ്‌ രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ 'ഭേഷജം' ജില്ലയിലെ 79 ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടപ്പാക്കുന്നു. 'പുനർജ്ജനി' പദ്ധതി വഴി കൊവിഡ് മുക്തരായവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ഔഷധം,യോഗ തുടങ്ങിയവ മുഖേന പൂർണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയും ചെയ്യും. നിലവിൽ ജില്ലയിൽ ഭേഷജം പദ്ധതി മുഖേന 18525പേർക്ക്‌ കൊവിഡ് ചികിത്സ ലഭ്യമാക്കി.
കൊവിഡ് പ്രതിരോധത്തിനായി 60 വയസ്സിന് താഴെയുള്ളവർക്ക് 'സ്വാസ്ഥ്യം', 60 വയസ്സിന് മുകളിലുള്ളവർക്ക് 'സുഖായുഷ്യം', ക്വാറന്റൈനിൽ കഴിയുന്നവർക്ക് 'അമൃതം' എന്നപേരിലും പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുന്നു. ജില്ലയിലെ 79 ആയുർക്ഷാ ക്ലിനിക്കുകൾ കൂടാതെ 6 സിദ്ധരക്ഷാ ക്ലിനിക്കുകൾ വഴിയുമാണ് പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡാനന്തര ചികിത്സയും നടത്തുന്നത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കൊവിഡ് രോഗികൾക്കായി 'ഹർഷം' പദ്ധതി മുഖേന ടെലികൗൺസിലിംഗ് സംവിധാനവുമുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ഷീബ അറിയിച്ചു.

Advertisement
Advertisement