മുദ്രപ്പത്രം ചോദിച്ചാൽ 'മുദ്ര' മാത്രം!

Saturday 24 July 2021 12:00 AM IST

 ജില്ലയിൽ മുദ്രപ്പത്ര ക്ഷാമം രൂക്ഷം

ആലപ്പുഴ: കൊവിഡ് ഒന്നാം തരംഗത്തിൽ തുടങ്ങിയ മുദ്രപ്പത്ര ക്ഷാമം രണ്ടാം തരംഗത്തിലും രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അത്യാവശ്യ മുദ്രപ്പത്രങ്ങൾ പോലും ജില്ലയിൽ ലഭ്യമല്ല. 100, 200 രൂപ പത്രങ്ങളാണ് കിട്ടാനില്ലാത്തത്.

50 രൂപ പത്രം മാത്രം ഇടവിട്ട് വെണ്ടർമാർക്ക് ലഭ്യമാകുന്നുണ്ട്. 500 രൂപ പത്രമാണ് നിലവിൽ കുറച്ചെങ്കിലുമുള്ളത്. ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 20 രൂപയുടെ പത്രം മതി. ഇതില്ലാത്തതിനാൽ 50 രൂപ പത്രമാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. ഇപ്പോൾ നൂറിന്റെ പോലും കിട്ടാനില്ല. വിദേശത്തേക്കടക്കം ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകാൻ ബോണ്ട് നൽകാനും മുദ്രപ്പത്രം ലഭിക്കാത്ത സ്ഥിതിയുണ്ട്. ട്രഷറിയിൽ പത്രം വന്നാൽ 50 എണ്ണമാണ് 'റേഷൻ' പോലെ ഓരോ വെണ്ടർമാർക്കും ലഭിക്കുന്നത്. 80 ശതമാനം വെണ്ടർമാരും ആധാരം എഴുത്തുകാരാണ്. ലഭിക്കുന്ന പത്രങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനേ കഴിയുന്നുള്ളൂ. ഇക്കാരണത്താൽ പൊതുജനങ്ങൾക്ക് പത്രം ലഭിക്കാത്ത സ്ഥിതിയാണ്.

വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത് അതത് ജില്ലാ ട്രഷറിയിലെ ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിൽ നിന്നാണ്. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപ്പത്രങ്ങൾ എത്തുന്നത്.

 വിഷയമായി വാടകച്ചീട്ട്

വാടകച്ചീട്ട് പുതുക്കുന്ന സമയമാണിത്. പത്രക്ഷാമം രൂക്ഷമായതോടെ കുറഞ്ഞത് 500 രൂപ പത്രത്തിലാണ് ഉടമ്പടി എഴുതുന്നത്. ഇടയ്ക്കിടെ ലഭ്യമാകുന്ന 50 രൂപ പത്രമാണ് പൊതുജനങ്ങൾക്ക് ആശ്രയം.

 100 രൂപ പത്രം വേണ്ട കരാറുകൾ

വലിയാധാരം, വാഹനകരാർ, വാടക ചീട്ട്, ചിട്ടികൾ, കെ.എസ്.ഇ.ബി കണക്ഷനുവേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റിനു നൽകേണ്ട ബോണ്ട്, സത്യവാങ്മൂലം തിരുത്തലുകൾ, ബാങ്കുകളിലെ വായ്പ ഉടമ്പടികൾ.

 50 രൂപ പത്രം

സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾ, ജനന-മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്

.....................................

പത്രങ്ങൾ കുറവാണ്. ലഭ്യമാകുന്ന രീതിയിൽ ട്രഷറിയിൽ നിന്നും സബ്ട്രഷറിയിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്

(ജില്ലാ ട്രഷറി ഉദ്യോഗസ്ഥർ)

.......................................

നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ ആവശ്യത്തിന് മുദ്രപ്പത്രം അച്ചടിച്ചിട്ടുണ്ട്. കേരളത്തിലേക്ക് എത്തിക്കാൻ കഴിയാത്തതാണ് പ്രശ്‌നം. അവശ്യ സർവീസായി പരിഗണിക്കാത്തതും മുദ്രപ്പത്ര വരവിനെ ബാധിക്കുന്നുണ്ടെന്ന്

(മുരളീധരൻ നായർ, ആധാരമെഴുത്ത് സ്റ്റേറ്റ് ലൈസൻസി )

Advertisement
Advertisement