മടവൂർപ്പാറ കാത്തിരിക്കുന്നു

Saturday 24 July 2021 2:43 AM IST

പോത്തൻകോട് : ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകാൻ സജ്ജമായി മടവൂർപ്പാറ ടൂറിസം കേന്ദ്രം. ബുദ്ധ -ജൈന മതങ്ങളുടെ പാരമ്പര്യവും ഐതിഹ്യവും ചേർന്ന മടവൂർപ്പാറ ഗുഹാ ക്ഷേത്രം തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന പൈതൃക തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്ന് 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മടവൂർപ്പാറയിൽ തെക്കേ ഇന്ത്യയിലെ ഏറെ പഴക്കം ചെന്നതും പുരാതനവുമായ ഗുഹാ ക്ഷേത്രമാണുള്ളത്. പച്ചപ്പും പ്രകൃതി സൗന്ദര്യവും മനംകുളിർക്കേ ആസ്വദിക്കാൻ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പാറമുകളിലെത്തിയിരുന്നത്.

വിവിധ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള ഒട്ടനവധി വിനോദസഞ്ചാരികളുടെ സായാഹ്ന - അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായിരുന്നു മടവൂർപ്പാറ. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾക്കുശേഷം ഓണത്തോടെ വീണ്ടും സജീവമാകാനാണ് ടൂറിസം വകുപ്പ് ഇവിടെ പദ്ധതികൾ ആവിഷ്കരിക്കുന്നത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ് ഇവിടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടനവധി വികസന പദ്ധതികൾ ഒരുക്കാനായത്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 7 കോടിയുടെ വികസന പ്രവർത്തങ്ങൾ പൂർത്തിയാക്കിയിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മൂന്നാംഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾക്കായി ടൂറിസം കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ വൈകിയത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ടൂറിസം വകുപ്പ് 3.75 കോടി രൂപ ഉടമകൾക്ക് വിതരണം ചെയ്യാനായി ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. മടവൂർപ്പാറ ടൂറിസം കേന്ദ്രത്തിന് സമീപത്തായി 22ഓളം സ്വകാര്യവ്യക്തികളുടെ 4.5 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. മടവൂർപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന റോഡായ ചാരുംമൂട് - മഹാദേവപുരം - മടവൂർപ്പാറ - കാട്ടായിക്കോണം - അരിയോട്ടുകോണം റോഡ് 6 കോടി രൂപ വിനിയോഗിച്ച് ആധുനികരീതിയിൽ നവീകരണം പൂർത്തിയാക്കിയിരുന്നു.

മൂന്നാം ഘട്ടത്തിലെ പ്രധാന പദ്ധതികൾ

 വിശാലമായ പാർക്കിംഗ് സൗകര്യം

 ഇൻഫർമേഷൻ ഓഫീസ്

 ഓപ്പൺ സ്റ്റേജ്, നടപ്പാത

 ബോട്ടിംഗ് സൗകര്യം

 ട്രക്കിംഗ്

 ആധുനിക പൂന്തോട്ടം

 ലൈറ്റ് ആൻഡ് സൗണ്ട് ഷോ

 നക്ഷത്ര വനം

ടൂറിസം മേഖല

മടവൂർപ്പാറ ഗുഹാക്ഷേത്രവും വിനോദ സഞ്ചാരകേന്ദ്രവും ഉത്തരവാദിത്ത ടൂറിസം വികസനത്തിന്റെ ഭാഗമായതോടെ കാട്ടായിക്കോണം മേഖലയിലെ വികസന സാദ്ധ്യതകൾക്കും ആക്കം കൂടി. ടൂറിസം വികസനത്തിന് പ്രചോദനം നൽകി നിരവധി ഹോംസ്റ്റേകളും പെയിംഗ് ഗസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്.


കൊവിഡ് സാഹചര്യം മാറിയാൽ ഉടൻ തന്നെ ഉടമകൾക്ക് തുക കൈമാറി സ്ഥലം

ഏറ്റെടുത്ത് മൂന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകും

കാട്ടായിക്കോണം ഡി. രമേശൻ

(വാർഡ് കൗൺസിലർ )

 സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 350 അടി

Advertisement
Advertisement