ശംഖുംമുഖത്ത് തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ

Saturday 24 July 2021 2:45 AM IST

തിരുവനന്തപുരം: പൂന്തുറ മുതൽ ശംഖുംമുഖം വരെ 720 മീറ്റ‌‌‌ർ ദൂരത്തിൽ ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ശംഖുംമുഖം റോഡിൽ 400 മീറ്റ‌ർ ദൂരത്തിൽ ഡയഫ്രം വാൾ നിർമാണം നടക്കുകയാണ്. ടൂറിസം മേഖലയായ ശംഖുംമുഖത്ത് 700 മീറ്റ‌ർ ദൂരത്തിൽ തീരസംരക്ഷണ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയായതിനാൽ വിശദപഠനം നടത്തിയാകും സംരക്ഷണ പദ്ധതി നടപ്പിലാക്കുക. വി.കെ.പ്രശാന്ത് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജിയോ ട്യൂബ് സംവിധാനം കടലാക്രമണം തടയുന്നതിനുള്ള ശാശ്വത സംവിധാനമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ടൗക്‌തേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പ്രവൃത്തി പ്രയോജനകരമായിക്കണ്ടു. എന്നാൽ കടൽക്ഷോഭം രൂക്ഷമായ വേളയിൽ ജിയോ ട്യൂബുകൾക്ക് സ്ഥാനഭ്രംശം വന്നതായും അവ കടലിലേക്ക് താഴ്ന്നു പോയെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement