ഒളിമ്പിക്‌സിൽ നാണം കെട്ട് പാകിസ്ഥാൻ; കൊവിഡ് ചട്ടങ്ങളെ ലംഘിച്ചതിന് ശാസനം, ഒപ്പം മറ്റ് രണ്ട് രാജ്യങ്ങളും

Saturday 24 July 2021 10:42 AM IST

ടോക്കിയോ: ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയിൽ നാണം കെട്ട് പാകിസ്ഥാൻ. കൊവി‌ഡ് രോഗബാധയെ തുടർന്ന് കർശന ചട്ടങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടനത്തിൽ പാകിസ്ഥാന്റെ പതാക വാഹക‌ർ മാസ്‌ക് ധരിച്ചിരുന്നില്ല. ടോക്കിയോ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനത്തിൽ മറ്റൊരു പാക് താരം മാസ്‌ക് താടിയിൽ ധരിച്ചാണ് മാർച്ച് പാസ്‌റ്റിൽ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ വലിയ വിമർശനമാണ് പാകിസ്ഥാൻ നേരിടുന്നത്.

മാസ്ക് ധരിക്കാത്തവർക്കെതിരെ താക്കീത് നൽകിയ ഐ‌ഒ‌സി എന്നാൽ നടപടിയെന്താകുമെന്ന് അറിയിച്ചിട്ടില്ല. പാകിസ്ഥാന് പുറമേ കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും മിക്ക താരങ്ങളും മാ‌ർച്ച് പാസ്‌റ്റിൽ മാസ്‌ക് ധരിച്ചില്ല.

അതേസമയം ഗെയിംസ് വില്ലേജിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 110 പേ‌ർക്ക് കൊവിഡ് പോസിറ്റീവായെന്ന് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി വെള‌ളിയാഴ്‌ച അറിയിച്ചു. നിലവിൽ ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ.