ഇന്ത്യയിൽ 39907 പുതിയ കൊവിഡ് രോഗികൾ, 546 മരണം, മൂന്നാം തരംഗത്തിന് തയ്യാറെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

Saturday 24 July 2021 10:54 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 39907 പുതിയ കൊവിഡ് കേസുകളും 546 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,08,977 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 40,000ന് അടുത്ത് തന്നെ നിൽക്കുകയാണ്. ഇത് മൂന്നാം തരംഗത്തിനുള്ള തുടക്കമാകാൻ സാദ്ധ്യതയുണ്ടെന്നും സംസ്ഥാനങ്ങൾ വേണ്ട മുൻകരുതലുകൾ എത്രയും പെട്ടെന്ന് എടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

35,087 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മുക്തി നേടിയത് ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 4.08 ലക്ഷം കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനുള്ളിൽ 42.67 ലക്ഷം പേ‌ർക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇതോടെ 42.78 കോടി ഇന്ത്യക്കാർക്ക് ഇതുവരെ വാക്സിൻ നൽകാൻ സാധിച്ചുവെന്നും കേന്ദ്രം പത്രകുറിപ്പിൽ വ്യക്തമാക്കി.